ഡോ. ഹാരിസിന്‍റേത് തിരുത്തലല്ല, തകർക്കലെന്ന് സി.പി.എം മുഖപത്രം; ‘ഒരു പോരായ്മയുടെ പേരിൽ മുച്ചൂടും തകർക്കാനാണ് ശ്രമം’

കോഴിക്കോട്: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ വിമർശനവുമായി സി.പി.എം മുഖപത്രത്തിൽ മുഖപ്രസംഗം. ആരോഗ്യ മേഖലയെ തകർക്കാൻ ശ്രമമെന്ന് 'ഇത് തിരുത്തല്ല, തകർക്കൽ' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു. ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലിനെതിരെ മുഖ്യമന്ത്രി പരസ്യ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സി.പി.എം മുഖപത്രത്തിലെ വിമർശനം.

ഡോ. ഹാരിസ് ചിറക്കലിന്‍റെ തുറന്നുപറച്ചിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ നീക്കം നടക്കുന്നു. പിഴവ്‌ ചൂണ്ടിക്കാണിക്കുന്നതും തിരുത്താൻ ശ്രമിക്കുന്നതും മനസിലാക്കാം. ഒരു പോരായ്മയുടെ പേരിൽ മുച്ചൂടും തകർക്കാനുള്ള ശ്രമമാണ്.

സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയാകെ തകർന്നെന്ന്‌ പ്രചരിപ്പിച്ച്‌ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനും മെഡിക്കൽ കോളജ്‌ ആശുപത്രികളുടെ പ്രവർത്തനം താറുമാറാക്കാനുമാണ്‌ പ്രതിപക്ഷവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ശ്രമിക്കുന്നത്‌. ലക്ഷക്കണക്കായ സാധാരണക്കാരുടെ ആതുരാലയങ്ങളെ തകർക്കുക മാത്രമല്ല, ഊറ്റിപ്പിഴിയുന്ന ചില സ്വകാര്യ ആശുപത്രികൾക്കായുള്ള ഒറ്റുകൊടുക്കലും ഇതിനിടയിലൂടെ നടത്തുന്നുണ്ട്‌.

സ്വകാര്യ ആശുപത്രികളുടെ സേവനങ്ങളെ ആർക്കും കുറച്ചു കാണാനാകില്ല. എന്നാൽ, ചിലരെങ്കിലും അതൊരു കച്ചവടമാക്കുന്ന സ്ഥിതിയുമുണ്ടായി. അവിടെ നിന്നാണ്‌ സാധാരണക്കാരുടെ ഏത്‌ ചികിത്സ ആവശ്യത്തിനും പ്രാപ്തമായ സംവിധാനമെന്ന നിലയിലേക്ക്‌ സർക്കാർ ആശുപത്രികൾ മാറിയത്‌. അതിന്റെ അസ്വസ്ഥത സ്വാഭാവികമായും സ്വകാര്യ മേഖലക്കുണ്ടാകുമെന്നും മുഖപ്രസംഗം പറയുന്നു.

Tags:    
News Summary - CPM mouthpiece editorial against Dr. Haris Chirakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.