സി.പി.എം നേതാവ് ജ്യോത്സ്യനെ കണ്ടതിൽ സംസ്ഥാന കമ്മിറ്റിയിൽ ചോദ്യമുന; ‘ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ജ്യോത്സരെ സന്ദർശിച്ച് കാര്യങ്ങൾ മറ്റുള്ളവർക്കുമുന്നിൽ പങ്കുവെക്കുന്നത് എന്ത് സന്ദേശമാണ് നൽകുക?’

തിരുവനന്തപുരം: നേതാവ് ജ്യോത്സനെ സന്ദർശിച്ചതിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ചോദ്യമുന. സെക്രട്ടേറിയറ്റിന് പിന്നാലെ വ്യാഴാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നേതാക്കൾ എന്തിനാണ് തുടരെ ജ്യോത്സ്യന്മാരെ കാണാൻ പോകുന്നതെന്ന് കണ്ണൂരിൽനിന്നുള്ള അംഗം ചോദിച്ചത്. ആരുടെയും പേര് പറയാതെയുള്ള വിമർശനം മറ്റുള്ളവരെ അമ്പരപ്പിച്ചു.

ഉത്തരവാദിത്തപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കൾ ജ്യോത്സരെ സന്ദർശിക്കുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റുള്ളവർക്കുമുന്നിൽ പങ്കുവെക്കുന്നതും എന്ത് സന്ദേശമാണ് നൽകുകയെന്നും അംഗം ചോദിച്ചു. ഇക്കാര്യത്തിൽ കാര്യമായ മറുപടി ആരിൽനിന്നും ഉണ്ടായില്ല. പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനും എ. വിജയരാഘവനും യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടുത്തിടെ പയ്യന്നൂരിലെ ജ്യോത്സ്യനെ സന്ദർശിച്ചെന്ന തരത്തിൽ ചില നേതാക്കൾക്കിടയിൽ മുറുമുറുപ്പുണ്ടായിരുന്നു. പി. ജയരാജന്റെ പേരും ഇതിനോടൊപ്പം ചർച്ചയായിട്ടുണ്ട്. അതിന്‍റെ അനുരണനമായാണ് കമ്മിറ്റിയിൽ വിമർശനം ഉയർന്നതെന്നാണ് വിവരം.

അമേരിക്ക തീരുവ വർധിപ്പിച്ചതിൽ പ്രാദേശിക തലത്തിൽ പ്രതിഷേധം ഉയർത്താനും കിടപ്പുരോഗികളെ വീട്ടിൽ പോയി പരിചരിക്കുന്നതടക്കം പാലിയേറ്റിവ് പ്രവർത്തനം ഊർജിതമാക്കാനും യോഗം തീരുമാനിച്ചു. തദ്ദേശ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.

Tags:    
News Summary - CPM leader's meeting with astrologer raises questions in state committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.