എസ്. സതീഷ്, മമ്മൂട്ടി
‘മമ്മൂട്ടി ആർ.എസ്.എസിന്റെ തിണ്ണ നിരങ്ങുന്നുവെന്ന നിരീക്ഷണത്തോട് യോജിപ്പില്ല’; വിമാനത്താവള സ്വീകരണത്തിൽ വിശദീകരണവുമായി എസ്. സതീഷ്
നാലാമത് ദേശീയ പുരസ്കാരം നേടിയ മമ്മൂട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നേരിൽ കണ്ട് സ്വീകരിച്ചതിനെതിരായ വിമർശനങ്ങളോട് വിയോജിക്കുന്നുവെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. മമ്മൂട്ടി സി.പി.ഐ.എം സാമീപ്യം ആഗ്രഹിക്കുന്നില്ലെന്ന മീഡിയ വൺ ഔട്ട് ഓഫ് ഫോക്കസിലെ വിലയിരുത്തൽ തെറ്റാണെന്നും, മമ്മൂട്ടി ഇപ്പോഴും മതനിരപേക്ഷ കേരളത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എയർപോർട്ടിൽ വെച്ച് മമ്മൂട്ടി സ്നേഹപൂർവ്വം സൗഹൃദം പങ്കുവെച്ചുവെന്നും, ബോഡി ലാംഗ്വേജ് വിമർശനം വസ്തുതാവിരുദ്ധമാണെന്നും സതീഷ് കൂട്ടിച്ചേർത്തു. ആർ.എസ്.എസിനോട് സന്ധി ചെയ്യുന്ന ആളാണ് മമ്മൂട്ടി എന്ന നിരീക്ഷണത്തോടും താൻ യോജിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ സതീഷിന്റെ വാദങ്ങളോട് വിയോജിച്ച് നിരവധി പേരാാണ് കമന്റുകളുമായി രംഗത്തെത്തിയത്.
കുറിപ്പിന്‍റെ പൂർണരൂപം
കഴിഞ്ഞ ദിവസം നാലാമതും ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മമ്മൂട്ടിയെ ഞാൻ നേരിൽ കണ്ട് സ്വീകരിച്ചതിനെ വിമർശിച്ച് മീഡിയ വണ്ണിന്റെ 'ഔട്ട് ഓഫ് ഫോക്കസിൽ' വന്ന വിലയിരുത്തൽ കണ്ടു. ബഹുമാനപൂർവ്വം ആ വിലയിരുത്തലിനോടുള്ള എന്റെ വിയോജിപ്പ് അറിയിക്കട്ടെ.
സി പി ഐ എം ജില്ലാ സെക്രട്ടറി എന്ന നിലയിൽ ഞാൻ മമ്മൂട്ടിയെ സ്വീകരിക്കാൻ പാടില്ല എന്നതിന് നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളിൽ ഒന്ന്, മമ്മൂട്ടി സിപിഐഎമ്മിൻ്റെ സാമീപ്യം ആഗ്രഹിക്കുന്നില്ല എന്നതാണ്. അതാണ് വയനാട്ടിലും നെടുമ്പാശ്ശേരിയിലും കണ്ടത് എന്നാണ് നിങ്ങളുടെ വിലയിരുത്തൽ.
എന്നാൽ നിങ്ങൾ വിലയിരുത്തിയതുപോലെയല്ല എന്റെ അനുഭവം. ഫ്ലൈറ്റ് ഇറങ്ങി വന്ന മമ്മൂട്ടിയെ ഞാൻ കണ്ടത് എയർപോർട്ടിനുള്ളിൽ വെച്ചാണ്. എന്റെ ഒപ്പം നെടുമ്പാശ്ശേരിയിൽ രണ്ടു മൂന്നു സഖാക്കളും ഉണ്ടായിരുന്നു. അദ്ദേഹം കണ്ടപ്പോൾ തന്നെ കൈ തന്ന് സ്നേഹപൂർവ്വം സൗഹൃദം പങ്കുവെക്കുകയാണ് ചെയ്തത്. പിന്നീട് അദ്ദേഹത്തോടൊപ്പം നടന്ന് സംസാരിച്ച് പുറത്തേക്ക് ഇറങ്ങി വരികയാണ് ഉണ്ടായത്.
പുറത്ത് ഇറങ്ങുമ്പോൾ മാധ്യമ പ്രവർത്തകരുടെ വലിയൊരു നിരയുണ്ടായിരുന്നു. ഈ സമയത്ത് മാധ്യമപ്രവർത്തകരോട് എന്തു പറയാനാണ് എന്ന് കൈ ഉയർത്തി അദ്ദേഹം അവരോട് ചോദിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ഫോട്ടോഗ്രാഫർമാർ മാധ്യമപ്രവർത്തകരോട് "മൈക്ക് ഒന്നൽപ്പം താഴ്ത്തി വെക്കൂ, ഞങ്ങൾ ഒരു ഫോട്ടോ എടുക്കട്ടെ" എന്ന് ഉച്ചത്തിൽ പറയുകയും മാധ്യമപ്രവർത്തകർ മൈക്ക് താഴ്ത്തുകയും ഫോട്ടോഗ്രാഫർമാർ ഫോട്ടോ എടുക്കുകയും ചെയ്തു.
ഇതിനെല്ലാം നിങ്ങൾ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ സാക്ഷികളാണ്. ഈ പശ്ചാത്തലത്തിൽ എടുത്ത ഫോട്ടോയും വീഡിയോയും കണ്ട് അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് കണ്ടില്ലേ, സി.പി.ഐഎമ്മിനെ ഇഷ്ടപ്പെടുന്നില്ല എന്ന വിലയിരുത്തലിലേക്കാണ് നിങ്ങൾ എത്തിച്ചേരുന്നത്.
എന്നാൽ എനിക്കുണ്ടായ അനുഭവം അതല്ല എന്ന് വ്യക്തമാക്കട്ടെ. നിങ്ങളെപ്പോലുള്ള ഒരു മാധ്യമം ഇങ്ങനെ വിലയിരുത്തൽ നടത്തുമ്പോൾ, ഞാൻ എന്റെ അനുഭവം തുറന്നു പറഞ്ഞില്ലെങ്കിൽ ഒരു മഹാനടനോട് എന്നല്ല, ഒരു വ്യക്തിയോട് തന്നെ ഞാൻ ചെയ്യുന്നത് തെറ്റായി പോകും എന്നതുകൊണ്ടാണ് ഇത് സൂചിപ്പിച്ചത്. ഇതിനു പുറമേ നിങ്ങൾ നടത്തിയിട്ടുള്ള പല നിരീക്ഷണങ്ങളോടും എനിക്ക് വിയോജിപ്പുണ്ട്.
മമ്മൂട്ടി ഇപ്പോൾ മതനിരപേക്ഷ കേരളത്തിന്റെ പ്രതീകമല്ലെന്നും, പുരസ്കാരങ്ങൾ ലഭിക്കുന്നതിനും മകന്റെ ഭാവി സുരക്ഷിതമാക്കുന്നതിനും അദ്ദേഹം ആർ.എസ്.എസിന്റെ തിണ്ണ നിരങ്ങുന്നവനാണ് എന്നാണ് നിങ്ങളുടെ വ്യാഖ്യാനം. ഞാൻ ആ നിരീക്ഷണങ്ങളോട് യോജിക്കുന്നില്ല. മമ്മൂട്ടിക്ക് അർഹിക്കാത്ത ഏതെങ്കിലും പുരസ്കാരം ഇതുവരെ ലഭിച്ചു എന്ന് ഞാൻ കരുതുന്നില്ല. മലയാള സിനിമ ഇന്ത്യൻ സിനിമയ്ക്ക് സംഭാവന ചെയ്ത മഹാപ്രതിഭ തന്നെയാണ് അദ്ദേഹം എന്ന് ഞാൻ കരുതുന്നു.
ആർ.എസ്.എസിനോട് എന്നല്ല, ഏതെങ്കിലും വർഗീയതയോട് ഏതെങ്കിലും ഘട്ടത്തിൽ സന്ധി ചെയ്യുന്ന ആളാണ് മമ്മൂട്ടി എന്ന് ഞാൻ കരുതുന്നില്ല. ഞാൻ മനസ്സിലാക്കുന്ന മമ്മൂട്ടി എല്ലാ വർഗീയതയെയും എതിർക്കുന്ന വ്യക്തിയാണ്. നിങ്ങൾ വിലയിരുത്തുന്നതുപോലെ ഇന്നലെകളിൽ മാത്രമല്ല, ഇന്നും നാളെയും മമ്മൂട്ടി മതനിരപേക്ഷ കേരളത്തിനും ഇന്ത്യക്കും ഒപ്പം തന്നെയായിരിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ക്രിയാത്മകമായ വിമർശനങ്ങളെയും നിരീക്ഷണങ്ങളെയും സ്വാഗതം ചെയ്യുന്നു.
എസ്. സതീഷ്
സി.പി.ഐഎം എറണാകുളം ജില്ലാ സെക്രട്ടറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.