ഇ.എസ്.എ അന്തിമ വിജ്ഞാപനം: പ്രതീക്ഷയിൽ മലയോര ജില്ലകൾ

തൊടുപുഴ: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലകളുടെ (ഇ.എസ്.എ) കരട് വിജ്ഞാപനത്തിൽ പരാതികളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയം അവസാനിക്കുമ്പോൾ അന്തിമവിജ്ഞാപനം എന്താകുമെന്ന ആശങ്കയിലാണ്​ ഇടുക്കിയടക്കം മലയോര ജില്ലകൾ. സംസ്ഥാന സർക്കാർ വ്യാഴാഴ്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശങ്ങൾ അടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്​.

കരടിൽ ഉൾപ്പെട്ട 131 വില്ലേജുകളിൽ 33 എണ്ണത്തെ പൂർണമായും പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതിൽ 23 എണ്ണവും ഇടുക്കിയിലാണ്. ജൂലൈ 27ന്​ പുറത്തിറക്കിയ കരട്​ വിജ്ഞാപനത്തിൽ 51 വില്ലേജുകളാണ്​ ഉൾപ്പെട്ടിരുന്നത്​. 2024ൽ സംസ്​ഥാന സർക്കാർ സമർപ്പിച്ച ശിപാർശയിൽ ഇടുക്കി, വയനാട്​ ജില്ലകളിലെ 31 വില്ലേജുകളെ ഇ.എസ്​.എയിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം വനം പരിസ്ഥിതി മന്ത്രാലയം തള്ളി. സംസ്ഥാനത്ത് 8590.69 ചതുരശ്ര കിലോമീറ്ററായി ഇ.എസ്.എ നിജപ്പെടുത്തണമെന്നാണ് സംസ്ഥാന സർക്കാർ നിർദേശം​. മുൻ സർക്കാരും സമാന സത്യവാങ്മൂലം മുമ്പ്​ നൽകിയിരുന്നു.

2013 നവംബർ 13നാണ് ആദ്യ കരട് വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയത്. അന്ന് സംസ്ഥാനത്തെ 123 വില്ലേജുകളായിരുന്നു ഇ.എസ്.എ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഈ വില്ലേജുകൾ പിന്നീട് വിഭജിക്കപ്പെട്ടതുകൊണ്ടാണ് ഇപ്പോഴുള്ള 131 എന്ന കണക്കിലേക്ക് എത്തിയത്. ഒരുതുണ്ട് വനഭൂമിയുള്ള വില്ലേജ് പോലും പൂർണമായും ഇ.എസ്.എ പരിധിയിൽ വരുന്ന രീതിയിലായിരുന്നു കരട്.

പ്രതിഷേധങ്ങൾക്കൊടുവിൽ വില്ലേജിനെ ഇ.എസ്.എയുടെ യൂനിറ്റാക്കരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. കസ്തൂരി രംഗൻ റിപ്പോർട്ടിനേക്കുറിച്ച് പഠിക്കാൻ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ നിയോഗിച്ചു. 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്റർ ഭൂമിയിലെ ഇ.എസ്.എ നിജപ്പെടുത്തണമെന്ന് ഒടുവിൽ 2024 നവംബർ രണ്ടിന് എൽ.ഡി.എഫ് സർക്കാർ സത്യവാങ്മൂലം നൽകി. എന്നാൽ, അത് പരിഗണിക്കാതെയാണ് വീണ്ടും കരട് വിജ്ഞാപനം പുറത്തിറങ്ങിയത്.

131 വില്ലേജുകളും ഏലമല പ്രദേശങ്ങളും ഉൾപ്പടെ ഇതിൽ ഇ.എസ്.എ പരിധിയിലായി. ഇ.എസ്​.എയുമായി ബന്ധപ്പെട്ട്​ മുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ഭൂമിശാസ്തപരമായി തുടർച്ചയില്ലെന്നാണ്​​ വിദഗ്​ധ സമിതി ചൂണ്ടിക്കാട്ടിയത്​. ഇതിന്​ എതിരായ അഭിപ്രായങ്ങൾ സർക്കാർ ഇപ്പോൾ റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്​​. ജനവാസ കാർഷിക മേഖലകളെ ഒഴിവാക്കിയാണ്​ റിപ്പോർട്ട്​.

ഇ.എസ്​.എയിൽനിന്ന്​ ഇടുക്കിയിലെ 26 വില്ലേജുകളിൽ ഉൾപ്പെടുന്ന 856 ചതുരശ്ര കിലോമീറ്റർ കാർഡമം ഹിൽ റിസർവ്​ മേഖല ഒഴിവാക്കണമെന്ന്​ സർക്കാർ കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതുവരെ ഇറങ്ങിയ കരട്​ വിജ്ഞാപനങ്ങളിൽ സി.എച്ച്​.ആറിനെ ഇ.എസ്​.എയിൽ ഉൾപ്പെടുത്തിയിരുന്നു. കേരളത്തിന്‍റെ ആവശ്യം കേന്ദ്രം പരിഗണിച്ചോയെന്ന്​ അന്തിമ വിജ്ഞാപനം പുറത്ത്​ വരു​മ്പോഴേ വ്യക്​തമാകൂ.

ഇടുക്കിയിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന വില്ലേജുകൾ

കൊക്കയാർ, ചക്കുപള്ളം, ആനവിലാസം, അയ്യപ്പൻകോവിൽ, അണക്കര, കട്ടപ്പന, പാമ്പാടുംപാറ, അറക്കുളം, ഏലപ്പാറ, തങ്കമണി, കൽകൂന്തൽ, പാറത്തോട്, ഉപ്പുതോട്, ഉടുമ്പൻചോല, വാത്തിക്കുടി, ചതുരംഗപ്പാറ, കാന്തിപ്പാറ, കൊന്നത്തടി, രാജാക്കാട്, രാജകുമാരി, കുഞ്ചിത്തണ്ണി, കരുണാപുരം, വണ്ടൻമേട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.