തെരുവുനായ് ആക്രമണം; ഈ വർഷം കടിയേറ്റത് 22,457 പേർക്ക്
കൊച്ചി: തെരുവുനായ് ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ജില്ലയിലെ പല പ്രദേശങ്ങളും. പുതിയ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ ജില്ലയിൽ 22,457 പേർക്ക് കടിയേറ്റു. പേവിഷ ബാധ മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. കടിയേറ്റവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് എറണാകുളം ജില്ല. പലയിടത്തും കുട്ടികളെ മനസ്സമാധാനത്തോടെ സ്കൂളിലയക്കാൻ കഴിയാത്ത അവസ്ഥയിലാണ് രക്ഷിതാക്കൾ. തെരുവുനായ് നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങൾ ആവിഷ്കരിച്ച പല പദ്ധതികളും വേണ്ടത്ര ഫലം കണ്ടില്ല. എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങളും അഭയകേന്ദ്രങ്ങളും ഒരുക്കുന്നതിൽ പല തദ്ദേശ സ്ഥാപനങ്ങൾക്കും ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടുപോകാനായിട്ടില്ല. മാലിന്യസംസ്കരണത്തിലെ വീഴ്ചകളടക്കം തെരുവുനായ്ക്കൾ പെരുകാൻ കാരണമാകുന്നു.
14 ഹോട്ട് സ്പോട്ടുകൾ
ജില്ലയിൽ തെരുവുനായ് ശല്യം രൂക്ഷമായ 14 ഹോട്ട് സ്പോട്ടുകളുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ പ്രാദേശിക സമിതികൾ രൂപവത്കരിച്ച് മൈക്രോ പ്ലാനുകൾ വഴി തെരുവുനായ് ശല്യം നിയന്ത്രിക്കാൻ തീരുമാനിച്ചിരുന്നു. വളർത്തുമൃഗങ്ങളുടെ വാക്സിനേഷൻ യഥാസമയം നടക്കുന്നെന്ന് ഉറപ്പാക്കാനും ലൈസൻസില്ലാത്ത മൃഗങ്ങളുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, മൃഗസംരക്ഷണ വകുപ്പിന്റേതടക്കം പല നടപടികളും പാതിവഴിയിലാണ്. വാക്സിനേഷൻ നപടികളും പലപ്പോഴും താളംതെറ്റുന്ന അവസ്ഥയാണ്.
ഭീതിമാറാതെ നാട്
ആലുവ മേഖലയിൽ തിരക്കേറിയ കവലകളിൽ വരെ ഏതുസമയവും തെരുവുനായ്ക്കൾ വിലസുകയാണ്. ഇതുമൂലം നഗരത്തിലും നാട്ടിൻപുറങ്ങളിലും ജനം ഭീതിയിലാണ്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും പാതയോരങ്ങളിലും തമ്പടിക്കുന്ന നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുന്നത് പതിവാണ്. തൃക്കാക്കര നഗരസഭ പരിധിയിൽ കലക്ടറേറ്റ് പരിസരം, ഇടച്ചിറയിലെ ഐ.ടി മേഖല, നഗരസഭ ഓഫിസ് പരിസരം, തുതിയൂർ, ചെമ്പുമുക്ക്, വാഴക്കാല, പാലച്ചുവട്-വെണ്ണല റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്സ്, പടമുകൾ, കാക്കനാട് സുരഭി നഗർ ഉൾപ്പെടെ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ ഭീതിപരത്തുന്നു. കലക്ടറേറ്റ് വളപ്പിൽ അലയുന്ന തെരുവുനായ്ക്കൾ പതിവുകാഴ്ചയാണ്. തൃക്കാക്കര നഗരസഭ ഓഫിസിന്റെ വരാന്തകൾ തെരുവുനായ്ക്കൾ കൈയടക്കി.
പറവൂർ മേഖലയിൽ തെരുവുകളും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും കേന്ദ്രീകരിച്ച് തെരുവുനായ്ക്കൾ കൂട്ടംകൂടി കിടക്കുന്നത് സമീപവാസികൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാണ്. ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകളിൽ തെരുവുനായ് ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം തട്ടാംപടി-ഇടനിലം റോഡിൽ വിദ്യാർഥിയെ തെരുവുനായ് ആക്രമിച്ചിരിന്നു. പെരുമ്പാവൂർ ടൗണിൽ അലഞ്ഞുതിരിഞ്ഞ കുറച്ചു നായ്ക്കളെ ഒരാഴ്ച മുമ്പ് വന്ധ്യംകരണത്തിനായി കൊണ്ടുപോയി. എന്നാൽ, നഗരത്തിൽ ഇപ്പോഴും നായ്ക്കൂട്ടങ്ങൾ സ്ഥിരം കാഴ്ചയാണ്.
കൊച്ചി മേഖലയിൽ കഴിഞ്ഞദിവസം പെരുമ്പടപ്പ് ഭാഗത്ത് ഇടറോഡിലൂടെ നടന്നുപോയ വീട്ടമ്മയെ തെരുവുനായ്ക്കൾ ആക്രമിച്ചു. കഴിഞ്ഞയാഴ്ച മട്ടാഞ്ചേരിയിൽ മാതാവിനും സഹോദരിക്കുമൊപ്പം സ്കൂളിലേക്ക് സ്കൂട്ടറിൽ പോയ വിദ്യാർഥിക്ക് കടിയേറ്റു. ഫോർട്ട് കൊച്ചി കടപ്പുറം, പള്ളുരുത്തി വെളി എന്നിവിടങ്ങളിലും തെരുവുനായ്ക്കൾ ഏറെയാണ്. മരട്, തൃപ്പൂണിത്തുറ നഗരസഭകൾ, കുമ്പളം, ഉദയംപേരൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ എനനിവിടങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. നോർത്ത് കളമശ്ശേരി, സൗത്ത് കളമശ്ശേരി, കുസാറ്റ്, മെഡിക്കൽ കോളജ് പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ വിളയാട്ടമാണ്.
തെരുവുനായ് നിയന്ത്രണത്തിന് പദ്ധതി -ജില്ല പഞ്ചായത്ത് പ്രസിഡന്റ്
തെരുവുനായ് നിയന്ത്രണത്തിന് സമഗ്രപദ്ധതി തയാറായിവരികയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എല്ലാ തദ്ദേശസ്ഥാപനങ്ങളും പദ്ധതികൾ സമർപ്പിച്ചു. മുളന്തുരുത്തിയിലും വടവുകോടും എ.ബി.സി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആലുവയിൽ പുതിയ കേന്ദ്രം സ്ഥാപിക്കാനുള്ള തടസ്സങ്ങൾ നീക്കാൻ ചർച്ച നടക്കുന്നു. വാക്സിനേഷൻ നടപടികൾ ഊർജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.