ഗ്യാനേഷ് കുമാർ
മലേഷ്യൻ ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേരും; കേരളത്തിലെ പഴയ അഴിമതിക്കേസ് ഓർമിപ്പിച്ച് തോമസ് ഐസക്
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം കടുക്കുന്നതിനിടെ, രണ്ട് പതിറ്റാണ്ട് മുൻപ് കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഉയർന്ന അഴിമതി ആരോപണങ്ങളും വിവാദങ്ങളും വീണ്ടും ചർച്ചയാക്കി സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്. റോഡ് നിർമാണ കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനി ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗ്യാനേഷ് കുമാറിന്റെ പേരും പരാമർശിക്കപ്പെട്ടിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഐസക് ഓർമിപ്പിച്ചു.
2006-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വരുമ്പോഴാണ് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നത്. ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കിയ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ (കെ.എസ്.ടി.പി) ഭാഗമായ റോഡ് നിർമാണ കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതിയും ഭാഗീരഥ കൺസ്ട്രക്ഷൻസും ചേർന്നുള്ള 'പതിബെൽ' കമ്പനിയുടെ കേരള പ്രോജക്ട് ഓഫീസറായിരുന്നു ലീ ബിൻ സീൻ. 2006 നവംബറിൽ കേരളത്തിൽ നിന്ന് മടങ്ങിയ ശേഷം ക്വാലാലംപൂരിലെ വസതിയിൽ ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ അഴിമതിയും പീഡനവും മാനസിക ബുദ്ധിമുട്ടുകളും മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ലീ ബിൻ സീന്റെ ആത്മഹത്യാക്കുറിപ്പ്. ഇതിൽ കൈക്കൂലി ആവശ്യപ്പെട്ടതടക്കമുള്ള ആരോപണങ്ങളിൽ ഗ്യാനേഷ് കുമാറിന്റെ പേര് പ്രധാനമായി ഇടംപിടിച്ചിരുന്നുവെന്ന് ഐസക് ചൂണ്ടിക്കാട്ടി.
ഈ ആരോപണങ്ങളെ തുടർന്ന് 2006 അവസാനത്തോടെ ഗ്യാനേഷ് കുമാറിനെ പി.ഡബ്ല്യു.ഡി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയും സംസ്ഥാന വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലേക്ക് മാറിയ അദ്ദേഹം ബി.ജെ.പി നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റുകയാണുണ്ടായതെന്നും തോമസ് ഐസക് ആരോപിച്ചു. 216 കോടി രൂപയിൽ പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതി, ബില്ലുകൾ മാറുന്നതിലെ മനഃപൂർവമായ കാലതാമസവും കെടുകാര്യസ്ഥതയും മൂലം ഒടുവിൽ 330 കോടിയിലധികം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെ മുഴുവൻ ഭാരവും സംസ്ഥാന സർക്കാരിന് ഏൽക്കേണ്ടി വന്നുവെന്നും ഒരു എഞ്ചിനീയറുടെ ജീവൻ ഇതിലൂടെ നഷ്ടമായെന്നും ഐസക് പറഞ്ഞു. അന്നത്തെ വിജിലൻസ് അന്വേഷണം പൂർത്തിയാകാതെ പോയത് പരിധിപരമായ തടസ്സങ്ങളും ഉദ്യോഗസ്ഥരുടെ താല്പര്യക്കുറവും കാരണമാണെന്ന് മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ശരിവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.