കൊച്ചി : സി.ജെ.പി. പ്രതിഷേധത്തിൽ താൻ പറഞ്ഞ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയ വിസ്മയ മോഹൻലാലിന്റെ ധീരമായ നിലപാടിനെ പ്രശംസിച്ച് നടി മാലാ പാർവതി. മോഹൻലാൽ-ജൂഡ് ആന്റണി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന വിസ്മയയ്ക്ക് ആശംസകൾ നേർന്നുകൊണ്ടാണ് മാലാ പാർവതി തന്റെ പ്രശംസ അറിയിച്ചത്. ആഗസ്റ്റ് 7-നാണ് ചിത്രം തിയറ്ററുകളിൽ റിലീസിനെത്തുന്നത്. ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്.
വിസ്മയയുടെ ശാന്തമായ കരുത്തും സ്വന്തം ആശയങ്ങളിലും നിലപാടുകളിലും ഉറച്ചുനിൽക്കാനുള്ള മനക്കരുത്തുമാണ് ഈ വേളയിൽ പ്രശംസിക്കപ്പെടുന്നത്. ''പ്രിയ വിസ്മയ, തുടക്കത്തിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ ശാന്തമായ കരുത്തും, ഔചിത്യവും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും പ്രശംസനീയമാണ്. ഇവ എന്നും നിങ്ങളുടെ കൂടെയുണ്ടാവട്ടെ. സിനിമാജീവിതത്തിൽ നല്ല വേഷങ്ങളും നല്ല മനുഷ്യരെയും നല്ല വിജയങ്ങളും ഉണ്ടാകട്ടെ . നല്ല വഴികൾ തെളിയാനും, എല്ലാ ഘട്ടങ്ങളിലും ദൈവം നിങ്ങളെ കാത്തുരക്ഷിക്കാനും, സന്തോഷം നിറഞ്ഞ ഒരു കരിയർ ലഭിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാറ്റിനുമുപരിയായി, എപ്പോഴും നിങ്ങളായിരിക്കാൻ തന്നെ നിങ്ങൾക്ക് കഴിയട്ടെ - അതാണ് ഏറ്റവും വലിയ കാര്യം. എന്റെ എല്ലാ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി'' എന്നായിരുന്നു മാലാ പാർവതിയുടെ വാക്കുകൾ.
രാഷ്ട്രീയം ഒരിക്കലും മാനവികതയ്ക്ക് മുകളിലാകരുത് എന്നും, ജനാധിപത്യ രാജ്യത്ത് കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടാനും ചർച്ചകൾ നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി വിസ്മയ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിന് സിനിമാലോകത്തുനിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. "ഷെയർ ചെയ്ത കാര്യങ്ങളിൽ ഞാൻ ഉറച്ചുതന്നെ നിൽക്കുകയാണ്. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ചോദ്യം ചെയ്യപ്പെടാൻ അനുവദിക്കണമെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്. അതുപോലെ കേൾക്കുകയും വേണം. ഫോഴ്സ് ചെയ്യുന്നതിന് പകരം ചർച്ചകളാണ് നമ്മൾ നടത്തേണ്ടത്. രാഷ്ട്രീയം ഒരിക്കലും മാനവികതയ്ക്ക് മുകളിലാകരുത് എന്നാണ് ഞാൻ കരുതുന്നത്. ഇനി ഏത് പാർട്ടി അധികാരത്തിൽ വന്നാലും, നാളെ ഇതേ കാര്യം വീണ്ടും സംഭവിച്ചാലും എനിക്ക് ഇതേ തോന്നൽ തന്നെയായിരിക്കും ഉണ്ടാവുക," എന്നായിരുന്നു വിസ്മയയുടെ നിലപാട്. വിസ്മയയുടെ ഈ കടുത്ത നിലപാടുകളെയും വ്യക്തമായ കാഴ്ചപ്പാടുകളെയും ആണ് മാലാ പാർവതി പ്രത്യേകമായി അഭിനന്ദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.