പുതുക്കാട്: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നടന്നുപോയ യുവതി ബസ് ഇടിച്ച് മരിച്ചു. പുതുക്കാട് കാഞ്ഞൂർ സ്വദേശി പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധുവാണ് (48) മരിച്ചത്. രാവിലെ ഏഴോടെ പുതുക്കാട് സെന്ററിലായിരുന്നു അപകടം നടന്നത്. ചാലക്കുടിക്ക് പോകുന്ന കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്.
പുതുക്കാട് സ്റ്റോപ്പിൽ നിർത്തിയ ശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ബോധരഹിതനായതിനാലാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ബാബു മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നിയന്ത്രണം വിട്ട ബസ് വഴിയോരത്ത് കൂടി നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ദേശീയപാതക്ക് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡിൽ വീണ സിന്ധുവിന്റെ തലയിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ബസ് പാഞ്ഞുവരുന്നത് കണ്ട് ചായക്കടയുടെ മുന്നിലുണ്ടായിരുന്നവർ ഓടിമാറുന്നതിനിടെ വീണ് പരിക്കേറ്റിട്ടുണ്ട്. ചായക്കടയുടെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചാണ് ബസ് നിന്നത്.
പരിക്കേറ്റ സിന്ധുവിനെയും ബസ് ഡ്രൈവറെയും നാട്ടുകാർ ചേർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സിന്ധു മരിച്ചു. രാജഗിരി ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ ആൻ മരിയയെ ബസ് കയറ്റിവിട്ട ശേഷം നടന്നുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കനത്ത മഴയെ തുടർന്ന് സീജി റോഡിന് സമീപം സ്കൂട്ടർ നിർത്തിയ ശേഷം മകൾ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനാണ് സിന്ധു ബസ് സ്റ്റോപ്പിലേക്ക് പോയത്.
സാധാരണ ദിവസങ്ങളിൽ ദേശീയപാതക്ക് സമീപത്തുള്ള റോഡുവരെയാണ് സിന്ധു മകളുമായി എത്താറുള്ളത്. പുതുക്കാട് സ്റ്റാൻഡിൽ നിന്നെടുത്ത ബസായതുകൊണ്ട് ഒരു യാത്രക്കാരി മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് ഓട്ടോ സ്റ്റാൻഡിന് ഇടയിലൂടെയാണ് പാഞ്ഞുകയറി ചായക്കട പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. പുതുക്കാട് പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.