മഴക്കെടുതി; മരിച്ചവരുടെ സംസ്കാര ചടങ്ങിനും ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങുന്നവർക്കും പതിനായിരം രൂപ ധനസഹായം

തിരുവനന്തപുരം: മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 15ആയി. ഏഴുപേരെ കാണാതായി. മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്ക് 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതുപോലെ ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്ക് 10000 രൂപ നൽകുമെന്നും ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ട് പേർക്ക് മൂന്നൂറ് രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം 316 ക്യാമ്പുകളിലായി 11018 പേരാണ് ഉള്ളത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫിൽ നിന്ന് നാലു ലക്ഷം രൂപ, സി.എം.ഡി.ആർ.എഫിൽ നിന്ന് രണ്ട് ലക്ഷം രൂപ പി.എം.എൻ.ആർ.എഫിൽനിന്ന് രണ്ട് ലക്ഷം എന്നിങ്ങനെ ആകെ എട്ട് ലക്ഷം രൂപ ധന സഹായം ലഭിക്കും. വീട് പൂർണമായും നഷ്ടപ്പെട്ടവർക്ക് നൽകുന്ന തുക നാല് ലക്ഷത്തിൽ നിന്ന് ആറു ലക്ഷം രൂപയും സ്ഥലം വാങ്ങി വീടുവെക്കാൻ ആറ് ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയുമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷി നാശത്തിനുള്ള നഷ്ട പരിഹാര തുക വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം അത് എത്ര രൂപയെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. 

പത്തനംതിട്ടയൊഴികെ എല്ലാ ജില്ലകളിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയിൽ ചില പ്രദേശങ്ങളിൽ ഇനിയും വെള്ളം ഇറങ്ങാതെ നിൽക്കുന്നുണ്ട് ആവശ്യമെങ്കിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് 14 ബോട്ടുകൾ എത്തിച്ചിട്ടുണ്ട്. സുളൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ തിരുവനന്തപുരത്ത് എത്തിച്ചു. ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ സംവിധാനങ്ങളും തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - relief for kerala heavy rain affected people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.