മഴ മുന്നറിയിപ്പിൽ വീഴ്ചയുണ്ടായോ: പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ, മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുന്നറിയിപ്പു നൽകേണ്ട ഏജൻസിയുടെ ഭാഗത്തുനിന്ന് കൃത്യമായി അറിയിപ്പു ലഭിച്ചില്ലെന്ന് മന്ത്രി ഇരിട്ടിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുന്നറിയിപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും തന്റെ വകുപ്പല്ലെന്നും മന്ത്രി പറഞ്ഞു. പുഴകളിൽ അടിഞ്ഞുകൂടിയ മണലും ചെളിയും മാറ്റണമെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികളുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് 42.5 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കി അണക്കെട്ടിൽ 30 ശതമാനം ആയിരുന്ന ജലനിരപ്പ് 10 ശതമാനം കൂടി ഇപ്പോൾ 40 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം ഇടുക്കിയിൽ 73 ശതമാനമായിരുന്നു ജലം ഉണ്ടായിരുന്നത്. മഴക്കെടുതിയിൽ തകരാറിലായ 92 ശതമാനം വൈദ്യുതി കണക്ഷനുകളും പുനഃസ്ഥാപിച്ചു. സംസ്ഥാനത്ത് ആകെ 4,80,614 വൈദ്യുതി കണക്ഷനുകൾ തകരാറിലായതായാണ് കണക്കുകൾ പറയുന്നത്. ഇതിൽ 92 ശതമാനവും ചുരുങ്ങിയ സമയത്തിനുള്ളിൽ പുനഃസ്ഥാപിച്ചു നൽകി. ഇനി 35,118 എണ്ണം മാത്രമാണ് ബാക്കിയുള്ളത്.

2,892 ട്രാൻസ്ഫോർമറുകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. ഇതിൽ 2,600 എണ്ണവും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. വൈദ്യുതി മേഖലയിൽ ഏറ്റവും വലിയ നാശനഷ്ടം സംഭവിച്ചത് പത്തനംതിട്ടയിലും കണ്ണൂരിലുമാണ്. കണ്ണൂരിൽ ശ്രീകണ്ഠപുരം സർക്കിൾ പരിധിയിൽ ചെറുപുഴ മുതലുള്ള ഭാഗങ്ങളിലും ഇരിട്ടി സർക്കിളിലെ മലയോര പ്രദേശങ്ങളിലുമാണ് കൂടുതൽ നാശം വന്നിട്ടുള്ളത്. ഇവ പരിഹരിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. മഴക്കെടുതിയിൽ തകർന്ന വീടുകളുടെ നാശനഷ്ടം കണക്കാക്കുന്നതിന്റെ മാനദണ്ഡങ്ങൾ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിന് സമാനമായ അപകടങ്ങൾ കരിക്കോട്ടക്കരി പോലെയുള്ള സ്ഥലങ്ങളിലെ വീടുകൾക്ക് സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി. ഏഴുപേരെ കാണാതായി. മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്ക് 10,000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്ക് 10,000 രൂപ നൽകുമെന്നും ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ടുപേർക്ക് മുന്നൂറ് രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം 316 ക്യാമ്പുകളിലായി 11,018 പേരാണ് ഉള്ളത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫ്. നിന്ന് നാലു ലക്ഷം രൂപ, സി.എം.ഡി.ആർ.എഫ്. നിന്ന് രണ്ട് ലക്ഷം രൂപ, പി.എം.എൻ.ആർ.എഫ്. നിന്ന് രണ്ട് ലക്ഷം എന്നിങ്ങനെ ആകെ എട്ട് ലക്ഷം രൂപ ധനസഹായം ലഭിക്കും.

വീട് പൂർണമായും നഷ്ടപ്പെട്ടവർക്ക് നൽകുന്ന തുക നാല് ലക്ഷത്തിൽനിന്ന് ആറു ലക്ഷം രൂപയും സ്ഥലം വാങ്ങി വീടുവെക്കാൻ ആറ് ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയുമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷി നാശത്തിനുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം അത് എത്ര രൂപയെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. പത്തനംതിട്ടയൊഴികെ എല്ലാ ജില്ലകളിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയിൽ ചില പ്രദേശങ്ങളിൽ ഇനിയും വെള്ളം ഇറങ്ങാതെ നിൽക്കുന്നുണ്ട്; ആവശ്യമെങ്കിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് 14 ബോട്ടുകൾ എത്തിച്ചിട്ടുണ്ട്. സുളൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ തിരുവനന്തപുരത്ത് എത്തിച്ചു. ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ സംവിധാനങ്ങളും തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - മഴ മുന്നറിയിപ്പിൽ വീഴ്ചയുണ്ടായോ: പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.