ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ച എസ്.എസ്. ബിജു

'മാറ്റം അനിവാര്യം'; സി.പി.എം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി എസ്.എസ്. ബിജു ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിക്ക് പിന്നാലെ സി.പി.എം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു. സി.പി.എം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി എസ്.എസ്. ബിജുവാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക സ്കൂൾ വാർഡ് സ്ഥാനാർഥിയുമായിരുന്ന ബിജു, താൻ പാർട്ടിയിലെ വിഭാഗീയതയുടെ ഇരയാണെന്ന് വ്യക്തമാക്കി. പാർട്ടിയുടെ നിലപാടുകളിൽ ഉറച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഒരു മാറ്റം അത്യാവശ്യമാണെന്ന് തോന്നിയതിനാലാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നത്.

നിയമസഭ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായും വിട്ടുനിന്ന ബിജുവിനെതിരെ പാർട്ടി കമ്മിറ്റികളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഒന്നാം പിണറായി വിജയൻ സർക്കാരിലെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനായിരുന്നു കഴക്കൂട്ടത്തെ എൽ.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പി സ്ഥാനാർഥി വി. മുരളീധരനോട് 428 വോട്ടുകൾക്കാണ് കടകംപള്ളി പരാജയപ്പെട്ടത്. കടകംപള്ളിയെ പരാജയപ്പെടുത്താൻ ബിജു പ്രവർത്തിച്ചിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. മുൻ സി.ഐ.ടി.യു ഏരിയ പ്രസിഡൻ്റ് ആയിരുന്ന ബിജു സി.പി.എം കഴക്കൂട്ടം ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി, വിവിധ ട്രേഡ് യൂനിയനുകളിൽ ജില്ലാഭാരവാഹി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Tags:    
News Summary - CPM Kazhakoottam former area secretary SS Biju joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.