പുതുവിഭാഗീയതയുടെ ആശങ്കയിൽ സി.പി.എം

തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ആരോപണത്തിന് പിന്നാലെ പി. ജയരാജനെതിരെ പരാതി പ്രവാഹമുണ്ടായതും തലസ്ഥാനജില്ലയിലെ പ്രശ്നങ്ങളും സി.പി.എമ്മിൽ വിഭാഗീയതയുടെ പുതിയ കാലത്തിന് നാന്ദികുറിക്കുമെന്ന ആശങ്കയിൽ പാർട്ടി നേതൃത്വം. മുമ്പും വിവാദങ്ങളുണ്ടാക്കിയ പി. ജയരാജൻ വീണ്ടും പാർട്ടിയെ സമ്മർദത്തിലാക്കുന്നെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്.

തിരുവനന്തപുരത്ത് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനെതിരായ പടയൊരുക്കം എല്ലാ സീമകളും ലംഘിക്കുന്ന നിലയിലാണ്. പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാൻ ജില്ല നേതൃത്വം പരാജയപ്പെട്ടെന്നും സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തുന്നു.ഇ.പിക്കെതിരായ ആരോപണത്തിന് പിന്നാലെ പി. ജയരാജനെതിരെ തെരഞ്ഞെടുപ്പ് ഫണ്ട് കണക്ക് വരെ ചൂണ്ടിക്കാട്ടിയുള്ള പരാതികളാണ് ഉയരുന്നത്. ഇ.പി. ജയരാജൻ പരസ്യപ്രതികരണത്തിന് തയാറെടുക്കുന്നെന്ന വിവരവും നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു.

സംസ്ഥാന സമിതിയിൽ താൻ ഉന്നയിച്ച ആരോപണത്തിന് സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പിന്തുണയുള്ളതിനാൽ അന്വേഷണവും നടപടിയുമൊക്കെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പി. ജയരാജന്‍ നിലപാട് ആവര്‍ത്തിക്കുകയാണ്.എന്നാൽ, ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം മുതല്‍ വടകര തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വരെ പരാതികളായി പുറത്തുവരുകയാണ്.സംസ്ഥാന സമിതിയിൽ ആരോപണം ഉന്നയിച്ചപ്പോൾ പരാതി എഴുതി നൽകാനാണ് എം.വി. ഗോവിന്ദൻ പി. ജയരാജനോട് ആവശ്യപ്പെട്ടത്.

ഈ സാഹചര്യത്തിൽ പരാതിയുമായി പി. ജയരാജൻ മുന്നോട്ട് പോകുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാൽ പാർട്ടി അന്വേഷണ കമീഷനെ വെക്കാൻ സാധ്യതയുണ്ടെന്നാണ് ഇ.പിയെ അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ.അതിനാലാണ് എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്നും മാറിനിൽക്കാൻ ഇ.പി സന്നദ്ധത പ്രകടിപ്പിച്ചതെന്നാണ് വിവരം. എം.വി. ഗോവിന്ദൻ പി.ബി. അംഗമായതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന ഇ.പി. ജയരാജന്‍ തനിക്കെതിരെയുള്ള നീക്കത്തിനു പിന്നില്‍ പാര്‍ട്ടിയിലെ ചില ഉന്നതരുടെ ഇടപെടലുണ്ടെന്നും സംശയിക്കുന്നു.

Tags:    
News Summary - CPM is worried about new sectarianism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.