പാലക്കാട്: നഗരത്തിലെ സ്കൂളിലെ സ്ഫോടനത്തിൽ ആർ.എസ്.എസ് കാര്യാലയം റെയ്ഡ് ചെയ്യണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. സ്കൂളിൽ ഇത്രയും ആയുധശേഖരം കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതിനേക്കാളുമേറെ ആയുധങ്ങൾ ആർ.എസ്.എസിന്റെ കാര്യലയത്തിലുണ്ടാവും. ആർ.എസ്.എസ് നേതാക്കളുടെ വീടുകളിലും പരിശോധന നടത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളിന്റെ അംഗീകാരം റദ്ദാക്കണം. ഇതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം. കലാപമുണ്ടാക്കുന്നതിന് വേണ്ടിയാണ് ആർ.എസ്.എസ് സ്കൂളിൽ ആയുധങ്ങൾ സൂക്ഷിച്ചതെന്നും ഇ.എൻ സുരേഷ് ബാബു ആരോപിച്ചു. അതേസമയം, സ്കൂളിലെ സ്ഫോടനത്തിൽ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പൊലീസിൽ പരാതി നൽകി.
പാലക്കാട് മൂത്താൻതറയിൽ വിദ്യാനികേതൻ സ്കൂളിന് സമീപം കഴിഞ്ഞ ദിവസം വൈകീട്ട് 4.45ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ കുട്ടിക്കും ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു. ശബ്ദംകേട്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.
സ്കൂൾ പരിസരത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ സ്ഫോടക വസ്തു കണ്ടെത്തുകയും ചെയ്തു.ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തുക്കൾ സ്ഥലത്ത് നിന്ന് മാറ്റി. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.