മാപ്പ് ചെയ്യാനാകാത്തവർ വെബ്സൈറ്റിലില്ല; പട്ടിക രഹസ്യമാക്കി കമീഷൻ

തിരുവനന്തപുരം: എസ്.ഐ.ആറിൽ ഹിയറിങ് ആരംഭിക്കുമ്പോഴും മാപ്പ് ചെയ്യാനാകാത്തവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാതെ കമീഷൻ. കണ്ടെത്താനാകാത്തവരുടെ പട്ടിക ബൂത്ത് അടിസ്ഥാനത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും മാപ്പ് ചെയ്യാനാകാത്തവരുടെ വിവരങ്ങൾ ബോധപൂർവം മറച്ചുവെക്കുന്നെന്നാണ് വിമർശനം.

എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയതിനാൽ കരട് പട്ടികയിൽ ഉൾപ്പെട്ടെങ്കിലും 2002ലെ പട്ടികയിൽ പേരില്ലാത്തതിനാലാണ് മാപ്പ് ചെയ്യാനാകാത്തത്. ഇത്തരത്തിൽ 19.32 ലക്ഷം പേരാണ് കേരളത്തിലുള്ളത്. ഇവർ കമീഷൻ നിശ്ചയിച്ച തിരിച്ചറിയൽ രേഖകളുമായി ഹിയറിങ്ങിന് ഹാജരാകണമെന്നാണ് വ്യവസ്ഥ. ഹിയറിങ് തൃപ്തികരമായി പൂർത്തിയാക്കിയാലേ എസ്.ഐ.ആറിലെ അന്തിമ പട്ടികയിൽ ഉൾപ്പെടൂ.

മാപ്പ് ചെയ്യാനാകാത്തവർക്ക് രേഖകൾ ലഭ്യമാക്കാൻ സർക്കാർതന്നെ നേരിട്ടിറങ്ങുകയും കലക്ടർമാർക്ക് കർശന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പട്ടിക വെബ്സൈറ്റിലോ പൊതു ഇടത്തിലോ ലഭ്യമല്ല. ഹിയറിങ്ങിന് ഹാജരാകാൻ ബി.എൽ.ഒമാർ നോട്ടീസ് നൽകുമ്പോഴാണ് മാപ്പ് ചെയ്യാനാകാത്ത വിവരം വോട്ടർ അറിയുന്നത്. പിന്നീട് രേഖകൾ സമാഹരിക്കാൻ നെട്ടോട്ടമാണ്.

മാപ്പ് ചെയ്യാനാകാത്തവരുടെ വിവരം വെബ്സൈറ്റിലോ മറ്റോ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ രേഖകൾ നേരത്തെ സമാഹരിക്കാൻ കഴിയുമായിരുന്നു. മാപ്പ് ചെയ്യാനാകാത്തവരെ തിരിച്ചറിയാനോ അവർക്ക്‌ സഹായം നൽകാനോ രാഷ്ട്രീയ പാർട്ടികൾക്കും കഴിയാത്ത സാഹചര്യമാണ്.

Tags:    
News Summary - Those who cannot be mapped are not on the website; Commission keeps the list secret

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.