അ​മീ​ർ അ​ഹ​മ്മ​ദ്

മണപ്പാട്ട് ഫൗണ്ടേഷൻ ആരംഭിച്ചത് 33 വർഷം മുമ്പ്; വിദ്യാഭ്യാസ മേഖലയിൽ സജീവം

തൃശൂർ: പറവൂർ നിയോജക മണ്ഡലത്തിൽ ‘പുനർജനി’ പദ്ധതി നടപ്പാക്കിയതിൽ മേൽനോട്ടവും നിയന്ത്രണവും വഹിച്ച മണപ്പാട്ട് ഫൗണ്ടേഷൻ പ്രവർത്തനമാരംഭിച്ചത് 33 വർഷം മുമ്പ്. 1993ൽ രജിസ്റ്റർ ചെയ്ത ഫൗണ്ടേഷൻ പ്രധാനമായും വിദ്യാഭ്യാസ മേഖലയിലാണ് പ്രവർത്തിക്കുന്നത്.

2018ലെ പ്രളയ കാലത്ത് കളമശ്ശേരി എച്ച്.എം.ടി സ്കൂളിൽ മണപ്പാട്ട് ഫൗണ്ടേഷൻ സി.ഇ.ഒ അമീർ അഹമ്മദ് നടത്തിയ പ്രവർത്തനങ്ങളാണ് ‘പുനർജനി’ പദ്ധതിയിലേക്ക് നയിച്ചത്. ഉത്തർപ്രദേശിലടക്കം പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് പ്രവർത്തിച്ചിരുന്ന മണപ്പാട്ട് ഫൗണ്ടേഷൻ അപ്രതീക്ഷിതമായാണ് കേരളത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തന രംഗത്തേക്ക് എത്തിയതെന്ന് അമീർ അഹമ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു.

അന്ന് നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായിരുന്നു പിന്നീട് പറവൂരിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കാരണം. 2018ലെ പ്രളയ സമയത്ത് അമീർ അഹമ്മദ് എറണാകുളത്ത് താമസ സ്ഥലത്ത് ഉണ്ടായിരുന്നു. ഈ സമയം അവിടെയുള്ള അബൂബക്കർ എന്ന കൗൺസിലർ സഹായം ആവശ്യപ്പെട്ട് എത്തി. എന്തെങ്കിലും തുക നൽകാമെന്ന് കരുതി അദ്ദേഹത്തെ വിളിച്ചപ്പോൾ എച്ച്.എം.ടി സ്കൂളിലാണുള്ളതെന്നും മാറാൻ കഴിയാത്ത സാഹചര്യമാണെന്നും അറിയിച്ചു.

സ്കൂളിലേക്ക് എത്തിയപ്പോഴാണ് ദുരിതം നേരിൽ കണ്ടത്. മടക്ക യാത്ര മാറ്റിവെച്ച് കളമശ്ശേരിയിൽതന്നെ തുടർന്നു. പുലർച്ച മുതൽ രാത്രി വരെ സ്കൂളിലെ ക്യാമ്പിൽ ചെലവഴിച്ച് ദുരിതാശ്വാസ പ്രവർത്തനവും നടത്തി. ഓണവും ചെറിയ പെരുന്നാളും ആഘോഷിച്ചാണ് ക്യാമ്പിൽനിന്ന് പിരിഞ്ഞത്.

തുടർന്ന് പറവൂരിലുള്ള രാജേഷ് എന്ന സുഹൃത്താണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അടുത്തെത്തിച്ചത്. വി.ഡി. സതീശനുമായി മൂന്നിലധികം തവണ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ‘പുനർജനി’യിലേക്ക് എത്തിയതെന്നും അമീർ അഹമ്മദ് പറഞ്ഞു.

കളമശ്ശേരിയിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫ. നന്ദഗോപാലിന്റെ സഹകരണത്തോടെ നൂറിലധികം വിദ്യാർഥികളെ ഉപയോഗിച്ച് സർവേ നടത്തി എല്ലാ മേഖലയിലെയും നാശനഷ്ടം വിലയിരുത്തിയാണ് ‘പുനർജനി’ പദ്ധതിക്ക് തുടക്കം കുറിച്ചത്.

പൂർണമായും ഭാഗികമായും നശിച്ച വീടുകൾ, തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ടവർ, കച്ചവടത്തിൽ നഷ്ടം സംഭവിച്ചവർ, പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർ, വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർ തുടങ്ങിയ കണക്കെടുപ്പ് നടത്തി ഏറ്റവും അനുയോജ്യരെയാണ് ‘പുനർജനി’യിൽ ഉൾപ്പെടുത്തിയത്. ഡോ. ആസാദ് മൂപ്പനും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഡോ. ഗൾഫാർ മുഹമ്മദലിയും റോട്ടറി ക്ലബും അടക്കമുള്ളവർ വീട് നിർമിച്ച് നൽകാൻ മുന്നോട്ടുവന്നു.

ഇവർക്ക് അർഹരായ പ്രളയബാധിതരുടെ പട്ടിക കൈമാറുകയും അവർതന്നെ കരാറുകാരെ കണ്ടെത്തി വീട് നിർമിച്ച് നൽകുകയുമാണ് ചെയ്തത്. ആദ്യലക്ഷ്യം 50 വീടുകളായിരുന്നെങ്കിൽ ഇപ്പോൾ 200ലധികം വീടുകൾ പൂർത്തിയാക്കിയെന്നും അമീർ അഹമ്മദ് പറഞ്ഞു.

രാഷ്ട്രീയ ഇടപെടലുണ്ടാകില്ലെന്ന ഉറപ്പിലാണ് കാര്യങ്ങൾ ചെയ്തത്. ഒരിടത്തും വി.ഡി. സതീശന്റെ ഇടപെടലുകളുണ്ടായിട്ടില്ല. ഇപ്പോൾ വിവാദമായ ബ്രിട്ടൻ യാത്ര പോലും തങ്ങൾ നിർബന്ധിച്ചത് കാരണമാണ് സതീശൻ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Manappattu Foundation was started 33 years ago; active in the field of education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.