മണ്ണാർക്കാട് (പാലക്കാട്): അച്ചടക്കനടപടിക്ക് വിധേയനായ കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകാൻ സി.പി.എം തീരുമാനം. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിലാവും പി.കെ. ശശി ഇനി പ്രവർത്തിക്കുക.
അച്ചടക്കനടപടിയുടെ ഭാഗമായി പി.കെ. ശശി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സി.പി.എം തീരുമാനിച്ചിരുന്നെങ്കിലും ഏത് ബ്രാഞ്ചിലേക്കാണെന്ന് വ്യക്തമാക്കിയിരുന്നില്ല. അതിനാൽ, ശശിക്ക് കഴിഞ്ഞ സമ്മേളന കാലത്ത് ഒരു സമ്മേളനത്തിലും പങ്കെടുക്കാൻ കഴിഞ്ഞില്ല.
പാർട്ടിവിരുദ്ധ പ്രവർത്തനം, സാമ്പത്തിക തിരിമറി എന്നിവക്കാണ് പി.കെ. ശശിയെ തരംതാഴ്ത്തിയത്. ശശിക്കെതിരെ പാലക്കാട് ജില്ല കമ്മിറ്റി സ്വീകരിച്ച അച്ചടക്കനടപടിക്ക് സംസ്ഥാന നേതൃത്വം അംഗീകാരം നൽകുകയായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കാനായിരുന്നു തീരുമാനം. ജില്ല കമ്മിറ്റി അംഗമായിരുന്ന ശശിയെ ഇതോടെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു.
ഇതിന് പിന്നാലെ പി.കെ. ശശിയെ രണ്ട് ചുമതലകളിൽ നിന്നു കൂടി ഒഴിവാക്കി. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്, ഹെഡ് ലോഡ് തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്‍റ് എന്നീ പദവികളിൽ നിന്നാണ് സി.പി.എം. പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് ശശിയെ നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.