കെ. രാമൻ പിള്ള

1977ൽ സി.പി.എം മത്സരിച്ചത് ആർ.എസ്.എസ് പിന്തുണയോടെ; സഹകരണം ശരിവെച്ച് ബി.ജെ.പി സംസ്ഥാന മുൻ അധ്യക്ഷൻ

ആർ.എസ്.എസുമായി സഹകരിച്ചുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ തുറന്നുപറച്ചിലിനെ ചൊല്ലിയുണ്ടായ വിവാദം അവസാനിക്കുന്നില്ല.സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ യു.ഡി.എഫ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ആയുധമാക്കിയിരിക്കുകയാണ്. നേരത്തേ എം.വി. ഗോവിന്ദനെ തള്ളി സി.പി.ഐയും രംഗത്തുവന്നിരുന്നു. ഭൂരിപക്ഷ വർഗീയതയുടെ മുഖമായ ആർ.എസ്.എസുമായി ഒരു ബന്ധവുമില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയത്.

1977ൽ സി.പി.എം മത്സരിച്ചത് ആർ.എസ്.എസ് പിന്തുണയോടെയായിരുന്നുവെന്ന് ശരിവെച്ചിരിക്കുകയാണ് ജനതാ പാർട്ടി നേതാവായിരുന്ന ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. രാമൻ പിള്ള. അന്ന് സി.പി.എം ആർ.എസ്.എസിന്റെ വോട്ടുകൾ സ്വീകരിച്ചത് ഏറെ സന്തോഷത്തോടെയായിരുന്നുവെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

അടിയന്തരവസ്ഥക്കെതിരെ പോരാടിയ പാർട്ടികളുമായി യോജിച്ച് മത്സരിക്കാമെന്നും അവരുടെ സ്ഥാനാർഥി ആരായാലും അവർക്ക് വോട്ട് ചെയ്യണമെന്നായിരുന്നു ആർ.എസ്.എസിന്റെ  നിലപാട്. ഇക്കാര്യം ദേശാഭിമാനില്‍ പോയി പി.ഗോവിന്ദപ്പിള്ളയെ കണ്ട് അറിയിക്കുകയും ചെയ്തു. സിപിഎം നേതൃത്വത്തെ ഇക്കാര്യം അറിയിക്കാനായി അദ്ദേഹത്തെ ചുമതലപ്പെടുത്തി. പരിപൂർണമായി സഹകരിക്കാനും അവർ തയാറായി. 77 ന് ശേഷം ഒരിക്കൽ പോലും സിപിഎമ്മുമായി ഒരിക്കലും സഹകരിച്ചില്ല. വോട്ടെടുപ്പിന് മാസങ്ങൾക്ക് ശേഷം കണ്ണൂരും കാസർകോടുമായി സംഘട്ടനങ്ങളും കൊലപാതകങ്ങളും നടന്നു. അതോടെ ഇരുകൂട്ടരും അകന്നു.-രാമൻ പിള്ള പറഞ്ഞു. 

 വോട്ട് വേണ്ട എന്ന് ആരും പറയില്ല എന്നാണ് സഹകരിച്ചുപോകുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ പി.ജി സന്തോഷത്തോടെ പ്രതികരിച്ചതെന്നും രാമൻ പിള്ള പറഞ്ഞു. 77നു ശേഷം പിന്നീടൊരിക്കലും സി.പി.എമ്മുമായി സഹകരിച്ചിട്ടില്ലെന്നും രാമൻ പിള്ള പറഞ്ഞു.

ആർ.എസ്.എസിന്റെ രാഷ്ട്രീയ മുഖമായി 1951 മുതൽ 1977 വരെ നിലനിന്ന രാഷ്ട്രീയ കക്ഷിയാണ് ഭാരതീയ ജനസംഘം. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആർ.എസ്.എസുമായി ചേര്‍ന്നെന്ന് കഴിഞ്ഞദിവസമാണ് ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞത്. 'അടിയന്തരാവസ്ഥ അര്‍ധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്. ജമാഅത്തെ ഇസ്‍ലാമി മുമ്പ് എൽ.ഡി.എഫിനെ പിന്തുണച്ചത് ഓര്‍മിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും അത് പറഞ്ഞാല്‍ വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.  വിവാദമായതോടെ പ്രസ്താവനയിൽ നിന്ന് അദ്ദേഹം മലക്കം മറിയുകയും ചെയ്തു.

Tags:    
News Summary - CPM contested in 1977 with RSS support reveals Former BJP state president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.