മെക് 7 വ്യായാമ കൂട്ടായ്മക്കെതിരെ സി.പി.എമ്മും സമസ്ത എ.പി വിഭാഗവും

കോഴിക്കോട്: മലബാറിൽ വ്യാപകമായി പ്രവർത്തിക്കുന്ന മെക് 7 എന്ന വ്യായാമ കൂട്ടായ്മക്കെതിരെ സി.പി.എമ്മും സമസ്ത എ.പി വിഭാഗവും. ഈ വ്യായാമ കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തെ ഇസ്‍ലാമിയാണെന്നും സുന്നി വിശ്വാസികൾ അതിൽ പെട്ടുപോകരുതെന്നുമാണ് സമസ്ത എ.പി വിഭാഗം നേതാവിന്റെ മുന്നറിയിപ്പ്.

മെക് 7ന് പിന്നിൽ പോപുലർ ഫ്രണ്ട് ആണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. നിരോധിക്കപ്പെട്ട പോപുലർ ഫ്രണ്ടിൽ പെട്ടവരാണ് മെക് 7ന് നേതൃത്വം നൽകുന്നതെന്നും ഇവർക്ക് പിന്തുണ നൽകുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ ആരോപണം. 10 പൈസ ചെലവില്ലാതെ തുറസ്സായ സ്ഥലത്ത് നടക്കുന്ന ഈ വ്യായാമം ജമാഅത്തെ ഇസ്‍ലാമിയുടെ മതരാഷ്ട്ര വാദത്തിന് മറയിടാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പി. മോഹനൻ ആരോപിച്ചു.

ചില സ്ഥലങ്ങളെ ആളുകളെ കൂട്ടി വ്യായാമം, കളരി തുടങ്ങിയ പദ്ധതികൾ നടക്കുന്നുണ്ടെന്നും ജമാഅത്തെ ഇസ്‍ലാമിയാണ് ഇതിന്റെ പിന്നിലെന്നുമാണ് സമസ്ത നേതാവ് പേരോട് അബ്ദുർറഹ്മാൻ സഖാഫി ഉന്നയിച്ച ആരോപണം. വലിയ ചതിയാണിതെന്നും അതിലൊന്നും മുസ്‍ലിംകൾ പെട്ടുപോകരുതെന്നും അവരുമായി അടുത്താൽ ഈമാൻ നശിച്ചുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുമുണ്ട്. മെക് 7ന് എതി​​രെ കേന്ദ്രരഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളിലുള്ളവരും മെക് 7 നിൽ ഉണ്ടെന്നുമാണ് സംഘാടകർ പറയുന്നത്. താനൊരു മുജാഹിദ് ആശയക്കാരനാണെന്നാണ് കൂട്ടായ്മയുടെ സ്ഥാപകനായ പി. സലാഹുദ്ദീൻ പറയുന്നത്. കേരള ​​കോൺ​ഗ്രസി​ന്റെ ജില്ലാ പ്രസിഡന്റ് ​ജേക്കബ്, എസ്.എൻ.ഡി.പി തിരൂർ യൂനിയൻ സെക്രട്ടറി ശിവാനന്ദൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം രമേശൻ, എന്നിവരെല്ലാം വ്യായാമ കൂട്ടായ്മയുടെ ഭാഗമാണ്. ജാതി, മത, പ്രായഭേമെന്യേ എല്ലാവർക്കും ഇതിൽ അംഗത്വമുണ്ട്. വനിതകൾക്കായി പ്രത്യേക കൂട്ടായ്മയുണ്ട്.

മെക് – 7 അഥവാ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ

ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി. സലാഹുദ്ദീനാണ്ഈ കൂട്ടായ്മക്ക് തുടക്കമിട്ടത്. സ്വന്തം നാട്ടുകാരുടെ ജീവിതശൈലീരോഗങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ വ്യായാമ മുറകൾക്കായി സലാഹുദ്ദീൻ നാട്ടിൽ 2012 ലാണ് മെക് സെവൻ തുടങ്ങുന്നത്. പിന്നീട് ഇതുമായി സഹകരിക്കുന്നവരുമായി ചേർന്ന് ഈ മൊഡ്യൂൾ ട്രസ്റ്റ് ആക്റ്റ് പ്രകാരം റജിസ്റ്റർ ചെയ്തു. എയറോബിക്സ്, യോഗ തുടങ്ങി 7 വ്യത്യസ്ത ഫിറ്റ്നസ് രീതികൾ സംയോജിപ്പിച്ച് 21 വ്യായാമ മുറകളടങ്ങുന്ന ഈ പരിപാടിയിൽ ആർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫോമോ ഫീസോ ഇല്ല.

2022 മുതൽ പുതിയ ശാഖകൾ ആരംഭിച്ച മെക് 7 മലബാറിൽ രണ്ട് വർഷത്തിനുള്ളിൽ ആയിരത്തോളം യൂണിറ്റുകളായി വളർന്നു. ശരീരത്തിനും മനസ്സിനും നവയൗവനം നൽകുക’ എന്ന മെക് 7 പ്രമേയം എല്ലാ പ്രായക്കാർക്കിടയിലും പ്രചാരം നേടി. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലീഡറും ട്രെയിനർമാരായി സ്ത്രീകൾ തന്നെയുള്ള വനിതാ യൂണിറ്റുകളും പിന്നാലെ നിലവിൽ വന്നു. യു‌.എ‌.ഇ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കും മെക് – 7 വളർന്നു.  

Tags:    
News Summary - CPM and Samastha against Mec7 exercise Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.