തിരുവനന്തപുരം: 1969ലും 70ലും കേരളം ഭരിച്ചത് ഇടതുപക്ഷമാണെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ല സമ്മേളന പൊതുയോഗത്തിൽ പരോക്ഷമായി സി.പി.എമ്മിനെ ഓർമപ്പെടുത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളപ്പിറവിക്കുശേഷം 1957ൽ സി.പി.ഐ മത്സരിച്ചു.
അന്ന് പാർട്ടിക്ക് മാനിഫെസ്റ്റോ വേണമായിരുന്നു. അതിന് കമ്മിറ്റി രൂപവത്കരിച്ചപ്പോൾ കൺവീനറായത് സി. അച്യുതമേനോനാണ്. അദ്ദേഹം ആ മാനിഫെസ്റ്റോക്ക് ‘ഐശ്വര്യപൂർണമായ കേരളം കെട്ടിപ്പടുക്കാൻ’ എന്നാണ് തലക്കെട്ടെഴുതിയത്. 1957ലെ ഇ.എം.എസ് സർക്കാറിൽ അച്യുതമേനോൻ ധനമന്ത്രിയായിരുന്നു.
ഇടതുപക്ഷം എന്നു പറയുന്ന ചിലർക്ക് 67 കഴിഞ്ഞാൽ പിന്നെ ഇടതുസർക്കാർ അധികാരത്തിൽ വന്നത് 1980ലാണ് എന്നൊരു സംശയമുണ്ട്. അത് ചരിത്രവും സത്യവുമല്ല എന്ന് ഓർമിപ്പിക്കുകയാണ്. 69ലും 70ലും 80ലും ഇടതു സർക്കാർ തന്നെയായിരുന്നു. ആരാണ് നേതാവ് എന്ന് നോക്കിയാൽ പോരാ. സി. അച്യുതമേനോൻ സർക്കാർ പരിപൂർണ ഇടതുസർക്കാരായിരുന്നു. ആ സർക്കാറാണ് തൊഴിലാളിക്ക് ഗ്രാറ്റിവിറ്റി അവകാശമാക്കിയത്. ലക്ഷം വീടുകൾ പണിതതും പഞ്ചായത്തുകൾ തോറും പി.എച്ച്.സികൾ തുടങ്ങിയതും 57 ഗവേഷണ പഠന സ്ഥാപനങ്ങൾ തുടങ്ങിയതും ആ സർക്കാറാണ്. ആ പ്രവർത്തനങ്ങളെ അവഗണിച്ച് കേരളത്തിന്‍റെ വികസന ചരിത്രം പറയാനാവില്ല. അന്നത്തെ ലക്ഷം വീട് പദ്ധതിയുടെ പുതിയ രൂപമാണ് ഇന്നത്തെ ലൈഫ് ഭവനപദ്ധതി. ആരോഗ്യ -വിദ്യാഭ്യാസ മേഖലയിലെ ഇന്നത്തെ പദ്ധതികളുടെ തുടക്കവും ആ സർക്കാറിൽനിന്നാണ്.
എൽ.ഡി.എഫ് യാഥാർഥ്യമാക്കാൻ അധികാരക്കസേര വലിച്ചെറിഞ്ഞ പാർട്ടിയാണ് സി.പി.ഐ. അത്തരത്തിലൊരു ചരിത്രം മറ്റാർക്കും അവകാശപ്പെടാനില്ല. എൽ.ഡി.എഫ് എത്രമാത്രം സി.പി.എമ്മിന്റേതാണോ അത്രയോ അതിനേക്കാൾ കൂടുതലോ സി.പി.ഐക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.