ബില്ലുകളിൽ ആദ്യ കടമ്പ സി.പി.ഐ: ലോകായുക്തയിൽ പിന്നാക്കം പോകാതെ കാനം

തിരുവനന്തപുരം: ഓർഡിനൻസുകളിൻമേലുള്ള ഗവർണറുടെ ഉടക്ക് മറികടക്കാൻ നിയമസഭ വിളിച്ചുചേർത്ത് ബില്ലുകൾ കൊണ്ടുവരാനുള്ള സർക്കാറിന്‍റെ നീക്കത്തിൽ ആദ്യ വെല്ലുവിളി ലോകായുക്ത ഭേദഗതിയും മുഖ്യ ഘടകകക്ഷിയായ സി.പി.ഐയും. മന്ത്രിസഭയിൽ പോലും വേണ്ടത്ര ചർച്ചയില്ലാതെ കൊണ്ടുവന്ന് പാസാക്കിയ ലോകായുക്ത ഭേദഗതി ഓർഡിനൻസിനോടുള്ള എതിർപ്പ് സി.പി.ഐ ഇപ്പോഴും മാറ്റിയിട്ടില്ല. മന്ത്രിസഭാ യോഗത്തിൽ മിണ്ടാതിരുന്ന മന്ത്രിമാർക്ക് സി.പി.ഐ നേതൃത്വം കണക്കിന് കൊടുത്ത ശേഷമാണ് എതിർപ്പുയർന്നത്.

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ചർച്ച വേണമെന്ന സി.പി.ഐയുടെ ആവശ്യത്തിൽ അത് നിയമമാക്കുമ്പോൾ പരിഗണിക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. ഗവർണർ ഒപ്പിടാതെ അസാധുവായ 11 ഓർഡിനൻസിൽ ലോകായുക്ത ഭേദഗതിയുമുണ്ട്. ഇതോടെ സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചർച്ചക്കാണ് കളം ഒരുങ്ങുന്നത്. ലോകായുക്തയുടെ ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള നിലവിലെ നിയമത്തിലെ 14 ാം വകുപ്പിലാണ് ഓർഡിനൻസിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നത്. ലോകായുക്ത വിധിയിൽ തീരുമാനം സർക്കാറിന് ഹിയറിങ് നടത്തി കൊള്ളുകയോ തള്ളുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. മുൻ എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിൽ പാസാക്കിയ ലോകായുക്ത നിയമം അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർക്ക് സ്ഥാനത്ത് തുടരാനാകില്ലെന്ന് വിധിക്കാനുള്ള അധികാരം കൊണ്ടുതന്നെ ഏറെ പ്രസ്കതിയുള്ളതാണെന്ന നിലപാടാണ് സി.പി.ഐക്ക്. അതിൽ വെള്ളം ചേർക്കുന്നത് എൽ.ഡി.എഫിന്‍റെയും സർക്കാറിന്‍റെയും സൽപേരിന് കളങ്കം സൃഷ്ടിക്കുമെന്നുമാണ് സി.പി.ഐയുടെ അഭിപ്രായം.

ഈ സാഹചര്യത്തിൽ വേണ്ടത്ര ചർച്ചയില്ലാതെ നിയമം കൊണ്ടുവരുന്നത് അനുവദിക്കാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 22നാണ് നിയമസഭ സമ്മേളനം ചേരുന്നത്. അതിനുമുമ്പ് ഉഭയകക്ഷി ചർച്ച നടത്താനാണ് നീക്കം. പനിബാധക്കുശേഷം വിശ്രമിക്കുന്ന കാനം രാജേന്ദ്രൻ ശനിയാഴ്ച മുതലേ പൊതുപരിപാടികളിൽ പങ്കെടുക്കുകയുള്ളൂ. അത് കഴിഞ്ഞാവും ഉഭയകക്ഷി ചർച്ച.

Tags:    
News Summary - CPI first hurdle in Bills: Kanam on lokayukta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.