മലപ്പുറം: ജില്ലയിൽ കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. പെരുമണ്ണ സ്വദേശിനി ഖദീജ (65), കൊണ്ടോട്ടി കൊട്ടുകര സ്വദേശി മൊയ്തീൻ (75) എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാറായി.
അനീമിയ, കിഡ്‌നി സംബന്ധമായ അസുഖങ്ങൾ, കൊറോണറി ആർട്ടറി ഡിസീസ് എന്നിവ അലട്ടിയിരുന്ന ഖദീജ വയറ്റിൽ നിന്ന് രക്തം പോകുന്നതിനെ തുടർന്ന് ജൂലൈ 31നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയത്. അവിടെ വെച്ച് ഹൃദയാഘാതമുണ്ടാവുകയും ആൻജിയോപ്ലാസ്റ്റി ടെസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഓഗസ്റ്റ് രണ്ടിന് രോഗിയെ മഞ്ചേരി മെഡിക്കൽ കോളേജിലെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. വീണ്ടും ഹൃദയാഘാതമുണ്ടായതോടെ കോവിഡ് പ്രോട്ടോകോൾ പ്രകാരം ചികിത്സ ആരംഭിച്ചു. വെന്റിലേറ്റർ ചികിത്സ നൽകിയെങ്കിലും ഓഗസ്റ്റ് 4 രാത്രി 8.45ന് രോഗി മരണത്തിന് കീഴടങ്ങി.
രക്തസമ്മർദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കിഡ്‌നി സംബന്ധമായ അസുഖങ്ങൾ, ഡയലേറ്റഡ് കാർഡിയോ മയോപ്പതി എന്നിവ അലട്ടിയിരുന്ന മൊയ്തീൻ ശക്തമായ ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് ഓഗസ്റ്റ് രണ്ടിനാണ് മഞ്ചേരി മെഡിക്കൽ കോളേജ് ഐസിയുവിൽ അഡ്മിറ്റായത്. കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ഓഗസ്റ്റ് നാലിന് കോവിഡ് ഐസിയുവിലേക്ക് മാറ്റുകയും പ്രോട്ടോകോൾ പ്രകാരം ചികിത്സ ആരംഭിക്കുകയും ചെയ്തു. സ്റ്റേറ്റ് മെഡിക്കൽ ബോർഡിൻറെ നിർദേശ പ്രകാരം പ്ലാസ്മ തെറാപ്പി നടത്തി. രോഗിക്ക് ഹൃദയാഘാതമുണ്ടാവുകയും ചികിത്സയോട് പ്രതികരിക്കാതെ രാത്രി ഇന്നലെ 10.15ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി നേരിട്ട് സമ്പർക്കമുണ്ടായതോടെയാണ് മൊയ്തീൻ രോഗബാധിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.