അപകടത്തിൽ മരിച്ച അബ്ദുൽ ജലീൽ, മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ, ഭാര്യ തസ്‌ന തോടേങ്ങൽ, മകൻ ആദിൽ

കണ്ണീരോടെ മദീന വിട നൽകി; വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശികൾക്ക് ജന്നത്തുൽ ബഖീഇൽ അന്ത്യനിദ്ര

മദീന: കഴിഞ്ഞ ദിവസം മദീനക്കടുത്ത് വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹങ്ങൾ മദീനയിലെ ചരിത്രപ്രസിദ്ധമായ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി. അപകടത്തിൽ മരിച്ച മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവർക്കാണ് മദീന വികാരനിർഭരമായ യാത്രയയപ്പ് നൽകിയത്.

ബുധനാഴ്ച രാവിലെ മദീന മസ്ജിദുന്നബവിയിൽ സുബഹി നമസ്‌കാരത്തിന് ശേഷം നടന്ന മയ്യത്ത് നമസ്‌കാരത്തിൽ മറ്റ് മക്കളും ബന്ധുക്കളും പ്രവാസികളും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു.ഇക്കഴിഞ്ഞ ശനിയാഴ്ച്ച മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ജിദ്ദ-മദീന ഹൈവേയിലെ വാദി ഫറഅ് എന്ന സ്ഥലത്തുവെച്ചായിരുന്നു അതിദാരുണമായ ദുരന്തം. ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും ഹൈവേയിൽ ഒരേ ദിശയിൽ പോകവേ ട്രയിലർ പെട്ടെന്ന് വിലങ്ങനെ റോഡിലേക്ക് തിരിഞ്ഞതോടെയായിരുന്നു ദുരന്തം.

അപകടത്തിൽ പരിക്കേറ്റ ജലീലിന്റെ മൂന്ന് പെൺമക്കളിൽ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ ഒമ്പത് വയസ്സുകാരി ഹാദിയ ഫാത്തിമയുടെ നില ഗുരുതരമായി തുടരുന്നു. 15 വയസ്സുകാരി ആയിഷ സുഖം പ്രാപിച്ചുവരികയാണ്. ഏഴ് വയസ്സുകാരി നൂറ ആശുപത്രി വിട്ടു.

30 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ അബ്ദുൽ ജലീലിന്റെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു ഭാര്യയും മക്കളും. ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് സൗദിയിലെത്തിയത്. നാട്ടിൽ പഠിക്കുന്ന മറ്റ് മൂന്ന് മക്കളും സഹോദരിമാരും അപകടവിവരമറിഞ്ഞ് മദീനയിൽ എത്തിയിരുന്നു. മദീന കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മൃതദേഹങ്ങൾ ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമത്തിനായി എത്തിച്ചത്.

വെള്ളില യു.കെ പടി സ്വദേശിയായ അബ്ദുൽ ജലീലും കുടുംബവും ഏതാനും വർഷം മുമ്പാണ് തിരൂർക്കാട് തോണിക്കരയിലേക്ക് താമസം മാറിയത്. ജലീലിന്റെ ഭാര്യ തസ്‌ന മേലെ അരിപ്ര സ്വദേശിനിയാണ്. ഒരു കുടുംബത്തിലെ നാലുപേരുടെ അപ്രതീക്ഷിത വേർപാട് ഈ മൂന്ന് ഗ്രാമങ്ങളെയും ഒരേപോലെ കണ്ണീരിലാഴ്ത്തിയിരുന്നു. ജലീലിന്റെ ആറ് മക്കളും ഇപ്പോൾ മദീനയിലുണ്ട്. പരിക്കേറ്റ മക്കളുടെ ആരോഗ്യത്തിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ് പ്രവാസി സമൂഹവും ബന്ധുക്കളും.

Tags:    
News Summary - Malappuram natives who died in a road accident laid to rest in Jannathul Baqi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.