വീണ്ടും ആശ്വാസ വാർത്ത; റാന്നി സ്വദേശികളുടെ പരിശോധനഫലം നെഗറ്റിവ്​

ഗാന്ധിനഗർ (കോട്ടയം): കോവിഡ്19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റാന്നി ഐത്തല സ്വദേശികളായ വയോധിക ദമ്പതികളുടെ നാലാമത്തെ പരിശോധനഫലം നെഗറ്റിവ്​. തിങ്കളാഴ്ചയാണ്​ നാലാംഘട്ട പരിശോധനഫലം ലഭിച്ചത്​​. ഇവരെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം ചൊവ്വാഴ്ച മെഡിക്കൽ ബോർഡ് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോട്ടയം ചെങ്ങളം സ്വദേശികളായ, ഇവരുടെ മക​​െൻറ മകളും ഭർത്താവും​ രോഗമുക്​തരായി ശനിയാഴ്ച ആശുപത്രി വിട്ടിരുന്നു. ശനിയാഴ്ച ലഭിച്ച പരിശോധനഫലവും നെഗറ്റിവ് ആയിരുന്നു.

മാർച്ച് എട്ടിനാണ്​ കോവിഡ് 19 ലക്ഷണത്തെ തുടർന്ന് വയോധിക ദമ്പതികളെയും ബന്ധുക്കളായ ചെങ്ങളം സ്വദേശികളായ യുവദമ്പതികളെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കോറോണ വാർഡിൽ പ്രവേശിപ്പിച്ചത്. വയോധികർക്ക് ശ്വാസംമുട്ടലും ഹൃദയസംബന്ധമായ അസുഖവും ഉണ്ടായിരുന്നതിനാൽ ആശങ്കാകുലമായിരുന്നു ആദ്യ ഒരാഴ്ച. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിൻ, എ.ആർ.എം.ഒ എന്നിവരുടെ നേതൃത്വത്തിൽ പകർച്ചവ്യാധിവിഭാഗം മേധാവി ഡോ. സജിത് കുമാറി​​െൻറ ഉത്തരവാദിത്തത്തിൽ മെഡിക്കൽ ബോർഡ് രൂപവത്​കരിക്കുകയും ദിവസേന രാവിലെയും ഉച്ചകഴിഞ്ഞും ബോർഡ് കൂടുകയും ചെയ്​തു.

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിരന്തര ഇടപെടലുമുണ്ടായിരുന്നു. 93ഉം 89ഉം വയസ്സുള്ള വയോധികരെ രോഗമുക്തമാക്കുകയായിരുന്നു പ്രഥമ പരിഗണന. കൃത്യമായ പരിചരണവും ചികിത്സയും നൽകി നാലുപേരെയും രോഗമുക്തരാക്കിയ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ആശുപത്രി അധികൃതർ. വയോധികരെ പരിചരിച്ച ഒരു നഴ്സിന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്​. ഇവരോടൊപ്പം ഹോസ്​റ്റലിൽ താമസിച്ചിരുന്ന 21 പേരും മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്.

Tags:    
News Summary - covid case negative in ranni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.