കോവിഡ് വന്നാല്‍ ഇങ്ങനെയാണ്; നിയമപാലകര്‍ക്ക്​ പറയാനുണ്ട്​ ചിലത്​!

കൽപറ്റ: കോവിഡ് പ്രതിരോധത്തി​െൻറ കടിഞ്ഞാണുകള്‍ പൊട്ടിക്കുന്നവരോടായി രോഗം വന്ന നിയമപാലകര്‍ക്കും അനുഭവത്തിലൂടെ ചിലതെല്ലാം പറയാനുണ്ട്. രോഗാവസ്ഥയെ നേരിടുന്നതിന് പകരം സാമൂഹികമായ അകലത്തിലൂടെയും നിര്‍ദേശങ്ങള്‍ പാലിച്ചും രോഗത്തെ തുരത്താം. സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗബാധയെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നതാണ് മാനന്തവാടിയിലെ പൊലീസ് സ്​റ്റേഷന്‍.

ഇവിടെയുള്ള മൂന്ന് പൊലീസുകാര്‍ക്ക് കൃത്യനിര്‍വഹണത്തിനിടയിലാണ് കോവിഡ് പകരുന്നത്. 70 ദിവസത്തെ തുടര്‍ച്ചയായ സേവനത്തിനിടെ സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മെര്‍വിന്‍ ഡിക്രൂസ്, മാനന്തവാടി ഡിവൈ.എസ്.പിയുടെ പി.എസ്.ഒ കെ.എം. പ്രവീണ്‍, സിവില്‍ പൊലീസ് ഓഫിസര്‍ റോയ് തോമസ് എന്നിവരാണ് ചികിത്സയിലായത്. മേയ് 13ന് വൈകീട്ട് ഫലം പോസിറ്റിവായതിനെ തുടര്‍ന്ന് ഇവരെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു ദിവസത്തിനുള്ളില്‍ തന്നെ നെഗറ്റിവായി ആശുപത്രി വിട്ടു. തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തിലായി. രോഗലക്ഷണങ്ങള്‍ ഇല്ലാതെയാണ് ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവായത്.

ജോലിക്കിടെ രോഗബാധയേറ്റതിനാല്‍ മാനന്തവാടി പൊലീസ് സ്​റ്റേഷന്‍ അടച്ചിടുകയും ജില്ല പൊലീസ് മേധാവി ഉള്‍പ്പെടെ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു. വീണ്ടും ജോലിയില്‍ തിരികെ പ്രവേശിച്ചപ്പോള്‍ ചികിത്സയുടെയും രോഗാവസ്ഥയുടെയും അനുഭവങ്ങള്‍ നിരത്തിയാണ് സമൂഹത്തി​െൻറ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളിയാകുന്നത്. ആശുപത്രിയില്‍ മികച്ച ചികിത്സയാണ് ഉറപ്പുവരുത്തുന്നത്. രോഗം ഭേദമാകുന്നതിന് മരുന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും ആൻറിവൈറസ് ഗുളികകളും വിറ്റമിന്‍ ഗുളികകളും രോഗ ബാധിതര്‍ക്ക് നല്‍കിയിരുന്നു. എല്ലാ ദിവസവും ശരീര ഊഷ്മാവ്, രക്തസമ്മര്‍ദം എന്നിവ പരിശോധിക്കും.

കൃത്യമായ ഇടവേളകളില്‍ ഭക്ഷണം, കുടിക്കാനായി ചൂട് വെള്ളം, പഴവര്‍ഗങ്ങള്‍ എന്നിവ നല്‍കിയിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷണം നല്‍കിയിരുന്നത് പ്രത്യേകം പാത്രങ്ങളിലായിരുന്നു. രോഗ ബാധിതര്‍ ഉപയോഗിച്ചിരുന്ന പാത്രം, വസ്ത്രം എന്നിവ കഴുകി വൃത്തിയാക്കുന്നത് ആശുപത്രി ജീവനക്കാര്‍ തന്നെയായിരുന്നു. ചികിത്സയില്‍ കഴിയുന്ന ദിവസങ്ങളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മികച്ച സഹകരണമാണ് ലഭിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ സഹകരണങ്ങളും പൊലീസ് വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നല്‍കിയിരുന്നു.

രോഗം ബാധിച്ചവരെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തുന്നത് കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അവര്‍ക്ക് ജാഗ്രതയോടുകൂടിയ കരുതലാണ് ആവശ്യമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രോഗം ഭേദമായി തിരികെ ജോലിയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥര്‍ക്ക് 'അതിജാഗ്രത അതിജീവനം' എന്ന സന്ദേശവുമായി 'കനല്‍വഴികള്‍ താണ്ടി കാവലാളുകള്‍' എന്ന പേരില്‍ ജില്ല പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ സ്വീകരണവും സംഘടിപ്പിച്ചിരുന്നു.

Tags:    
News Summary - Covid-19 Kerala Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.