‘കേരള’യിൽ രജിസ്ട്രാർ പദവിയിൽ ലീഗ് നോമിനിയെ വെട്ടാൻ നീക്കം

തിരുവനന്തപുരം: ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റിലെ പ്രാതിനിധ്യ നിഷേധത്തിന് പിന്നാലെ കേരള സർവകലാശാല രജിസ്ട്രാർ നിയമനത്തിലും മുസ്ലിം ലീഗ് നോമിനിയെ വെട്ടാൻ കോൺഗ്രസ് നീക്കം. രജിസ്ട്രാർ പദവിയിൽ കോൺഗ്രസ് നോമിനിയെ കൊണ്ടുവരണമെന്ന പിടിവാശിയിലാണ് കോൺഗ്രസിലെ ഒരു വിഭാഗം. രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ പദവികളിലേക്ക് നിയമനത്തിന് ഇതിനകം വിജ്ഞാപനമിറക്കിയിട്ടുണ്ട്. വൈകാതെ ഇന്‍റർവ്യൂ നടത്തി നിയമനം നടത്തും. മുൻ യു.ഡി.എഫ് സർക്കാറുകളുടെ കാലത്ത് കേരള സർവകലാശാലയിൽ വൈസ്ചാൻസലർ, പ്രോ വൈസ്ചാൻസലർ പദവികളിൽ കോൺഗ്രസ് നോമിനികൾ നിയമിതരാകുമ്പോൾ രജിസ്ട്രാർ പദവിയിൽ ലീഗ് നോമിനിയെ നിയമിക്കുന്നതാണ് പതിവ്.

ഏറ്റവും ഒടുവിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് ഡോ.കെ. മുഹമ്മദ് ബഷീർ ആയിരുന്നു ലീഗ് നോമിനിയായി രജിസ്ട്രാർ പദവിയിലെത്തിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുനൽകുമ്പോഴുള്ള ധാരണ നിയമനങ്ങളിൽ മുൻകാലങ്ങളിലെ സ്റ്റാറ്റസ്കോ തുടരണമെന്നതായിരുന്നു.

എന്നാൽ, പുതുതായി വന്ന ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റിലേക്ക് എട്ട് പേരെ നാമനിർദേശം ചെയ്തപ്പോൾ ഒന്ന് പോലും ലീഗിന് നൽകാതിരുന്നത് പാർട്ടിയിൽ വൻ പ്രതിഷേധത്തിനിടയാക്കുകയും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രി റോജി എം. ജോണിനും മുമ്പിൽ പരാതിയായി വരികയും ചെയ്തിരുന്നു. നാല് പേരുടെ പട്ടിക നൽകിയപ്പോഴായിരുന്നു ഒരാളെ പോലും നൽകാതിരുന്നത്.

കാലിക്കറ്റ്, എം.ജി, കണ്ണൂർ, കുസാറ്റ് സിൻഡിക്കേറ്റുകളിലേക്കുള്ള നാമനിർദേശത്തിൽ മുൻകാലങ്ങളിൽ ലീഗിനുണ്ടായിരുന്ന പ്രാതിനിധ്യം വെട്ടിക്കുറച്ച് അതുകൂടി കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേരള സർവകലാശാലയിൽ രജിസ്ട്രാർ പദവിയിൽ നിന്നും വെട്ടാനുള്ള നീക്കം നടക്കുന്നത്. 

Tags:    
News Summary - kerala university registar apponment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.