മാർക്ക് ദാനം വാർത്ത: മീഡിയവണിനെതിരെ എസ്.എഫ്.ഐ നേതാവ് നൽകിയ കേസ് ചെലവ് സഹിതം തള്ളി കോടതി

കോഴിക്കോട്: മാർക്ക് ദാനത്തെ എതിർത്ത അധ്യാപികക്കെതിരെ പ്രതികാര നടപടി എന്ന വാർത്ത കൊടുത്തതിന് മീഡിയവണിനെതിരെ നൽകിയ കേസ് കോടതി ചെലവു സഹിതം തള്ളി. എസ്.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡയാന നൽകിയ കേസാണ് കോടതി തള്ളിയത്. കോഴിക്കോട് അഡീഷനൽ മുൻസിഫ് കോടതിയുടേതാണ് നടപടി. വാർത്ത അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.

എസ്.എഫ്.ഐ നേതാവിന് 10 വർഷത്തിനുശേഷം മാർക്ക് ദാനം നൽകിയത് എതിർത്ത അധ്യാപികക്കെതിരെ പ്രതികാര നടപടി കൈക്കൊള്ളുന്നുവെന്ന വാർത്ത പൊതുകാര്യ പ്രസക്തമായതാണെന്ന് കോടതി വിലയിരുത്തി.

2009ൽ എം.എ വിമൻ സ്റ്റഡീസ് പഠിച്ചിരുന്ന എസ്.എഫ്.ഐ നേതാവിന് 10 വർഷത്തിനുശേഷം മാർക്ക് ദാനം നൽകാനുള്ള കാലിക്കറ്റ് സർവകലാശാല തീരുമാനം വിവാദമായിരുന്നു. ആ തീരുമാനത്തെ എതിർത്തതിന്റെ പേരിൽ യൂനിവേഴ്സിറ്റിയിലെ പ്രഫസർ മോളി കുരുവിള പ്രതികാര നടപടി നേരിട്ടതിനെക്കുറിച്ചാണ് മീഡിയവൺ വാർത്ത നൽകിയത്.

മാർക്ക് ദാനം അടിസ്ഥാനരഹിതമാണെന്നും വാർത്ത മാനനഷ്ടമുണ്ടാക്കിയെന്നും കാണിച്ചാണ് ഡയാന, കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചത്. കേസിൽ വിശദവാദം കേട്ട കോടതി, മീഡിയവൺ നൽകിയത് വാർത്തമൂല്യമുള്ള പൊതുവിഷയമാണെന്ന് വിലയിരുത്തി. മാർക്ക് ലഭിച്ച പരാതിക്കാരുടെ പേരുപോലും പരാമർശിക്കാതെയായിരുന്നു വാർത്തയെന്നും കോടതി ചൂണ്ടിക്കാട്ടി. എം.എ വിമൻ സ്റ്റഡീസ് കോഴ്സ് ചെയ്ത പരാതിക്കാരിക്ക് 21 മാർക്കാണ് യൂനിവേഴ്സിറ്റി ദാനം നൽകിയത്. മീഡിയവണിനുവേണ്ടി അഡ്വ. അമീൻ ഹസൻ ഹാജരായി.

Tags:    
News Summary - Court dismisses case filed by SFI leader against MediaOne

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.