തൃശൂർ: ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസിൽ പ്രതികളുടെയും കമ്പനിയുടെയും 212.5 കോടിയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയ തൃശൂർ കലക്ടറുടെ നടപടി കോടതി സ്ഥിരപ്പെടുത്തി. തൃശൂർ ജില്ല ബഡ്സ് കോടതിയുടെ നടപടി തൃശൂർ തേഡ് അഡീഷനൽ കോടതിയാണ് സ്ഥിരപ്പെടുത്തിയത്. ബഡ്സ് അതോറിറ്റി സമർപ്പിച്ച അപേക്ഷയിലാണ് നടപടി.
വിചാരണ വേളയിൽ കോടതി നേരിട്ട് ഹൈറിച്ചിന്റെ വെബ്സൈറ്റ് തുറന്ന് പരിശോധിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി നേരിട്ട് വെബ്സൈറ്റ് പരിശോധിക്കുന്നതും ബഡ്സ് നിയമപ്രകാരം സ്വത്ത് കണ്ടുകെട്ടിയത് സ്ഥിരപ്പെടുത്തുന്നതും സംസ്ഥാനത്ത് ആദ്യമാണ്.
കഴിഞ്ഞ നവംബറിലാണ് ‘പർച്ചേസ് കൺസൈൻമെന്റ് അഡ്വാൻസ്’ എന്ന പേരിൽ കമ്പനി വാങ്ങുന്ന 10,000 രൂപയും ഗുണിതങ്ങളും ഒ.ടി.ടി ബോണ്ട് എന്നപേരിൽ വാങ്ങുന്ന അഞ്ച് ലക്ഷം രൂപയും അനധികൃത നിക്ഷേപം സ്വീകരിക്കലാണെന്ന് കാട്ടി ബഡ്സ് അതോറിറ്റി കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. പിന്നീട് മുൻ എം.എൽ.എ അനിൽ അക്കര നൽകിയ പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് ഹൈറിച്ച് ഉടമ പ്രതാപനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. ഇ.ഡി കേസ് കൊച്ചി പി.എം.എൽ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ ഘട്ടത്തിലാണ്.
ബഡ്സ് അതോറിറ്റിയുടെ താൽക്കാലിക മരവിപ്പിക്കൽ ദീർഘ വാദപ്രതിവാദങ്ങൾക്കൊടുവിൽ തൃശൂർ ബഡ്സ് കോടതി സ്ഥിരപ്പെടുത്തിയിരുന്നു. എന്നാൽ, ഹൈറിച്ച് ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചു. 12 ദിവസം വൈകിയാണ് സ്വത്ത് കണ്ടുകെട്ടൽ സ്ഥിരപ്പെടുത്താൻ അതോറിറ്റി അപേക്ഷ നൽകിയതെന്ന വാദത്തെ തുടർന്ന് ബഡ്സ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. പുതിയ നടപടികളെടുക്കാൻ തടസ്സമില്ലെന്ന വിധിയിലെ പരാമർശത്തിന്റെ വെളിച്ചത്തിൽ ബഡ്സ് അതോറിറ്റി വീണ്ടും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇത് ചോദ്യംചെയ്ത് ഹൈറിച്ച് സുപ്രീം കോടതിയിൽ പോയെങ്കിലും കോടതി ഇടപെട്ടില്ല. തുടർന്ന് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ വീണ്ടും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ തീരുമാനമെടുക്കാൻ ബഡ്സ് കോടതിയെ ചുമതലപ്പെടുത്തി. ഇതിന്റെ തുടർച്ചയായാണ് തൃശൂർ തേഡ് അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.