മൂന്നാര്‍: കുടുംബകലഹത്തെ തുടർന്ന് പിഞ്ചുകുഞ്ഞിനെയുംകൊണ്ട് യുവതി പുഴയിൽ ചാടി. ഇവരും രക്ഷിക്കാൻ ചാടിയ ഭർത്താവും ഒഴുക്കിൽപെട്ടു. വൈകീട്ടുവരെ തിരച്ചിൽ നടത്തിയിട്ടും മൂവരെയും കണ്ടെത്താനായില്ല. മൂന്നാര്‍ കെ.ഡി.എച്ച്.പി പെരിയവര എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ ടൂറിസ്റ്റ് ടാക്സി ഡ്രൈവർ വിഷ്ണു (30), എസ്റ്റേറ്റ് തൊഴിലാളി ഭാര്യ ജീവ (26) ആറുമാസം പ്രായമായ കുഞ്ഞ് എന്നിവരെയാണ് മൂന്നാർ പെരിയവരയാറ്റിൽ കാണാതായത്.
ശനിയാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിൽ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ശനിയാഴ്ച രാവിലെയും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. ഫാക്ടറി ഡിവിഷനിലെ വീടിനു മുന്നില്‍നിന്ന് 10 മീറ്റര്‍ മാത്രം അകലെയാണ് പുഴ. വഴക്കിനിടെ കുഞ്ഞിനെയും എടുത്ത് ഒാടിയ ജീവ പുഴയിൽ ചാടുകയായിരുന്നു. പിന്നാലെ വിഷ്ണുവും ചാടി. ആഴ്ചകളായി കനത്തമഴയുള്ളതിനാൽ കവിഞ്ഞൊഴുകുന്ന പുഴയിൽ മൂവരും മുങ്ങിത്താഴുകയായിരുന്നു.
ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയായി. ദമ്പതികൾ ചാടിയ സ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്ററിലേെറ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് വൈകീട്ടുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂവാറ്റുപുഴയില്‍നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും തിരച്ചിലിനെത്തി. പെരിയവരയാർ സംഗമിക്കുന്ന മുതിരപ്പുഴയാറിെൻറ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ.
ഉച്ചവരെ തുടർന്ന ശക്തമായ മഴ തിരച്ചിലിന് തടസ്സമായി. ഉച്ചകഴിഞ്ഞാണ് മഴക്ക് നേരിയ ശമനമുണ്ടായത്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് മൂന്നാറിലെത്തിയ വൈദ്യുതി മന്ത്രി എം.എം. മണി സംഭവവീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. ദേവികുളം തഹസില്‍ദാര്‍ കെ.പി. ഷാജിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. രാത്രി നിർത്തിവെച്ച തിരച്ചിൽ ഞായറാഴ്ച തുടരുമെന്ന് െപാലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.