തിരുവനന്തപുരം വൈദ്യുതിഭവനിൽ നടന്ന ചടങ്ങിൽ ഐ.ഐ.ടി ബോംബെയിലെ അസോസിയേറ്റ് പ്രൊഫസര്‍ സാക്കീർ ഹുസൈൻ റാത്തറും കെ.എസ്.ഇ.ബി റീസ് വിഭാഗം ചീഫ് എൻജിനീയറുടെ പൂർണ്ണ ചുമതലവഹിക്കുന്ന പി.ഐ ആഷയും വി2ജി ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു

രാജ്യത്തെ ആദ്യ വെഹിക്കിൾ ടു ഗ്രിഡ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങളും ഹരിതോർജ്ജവും സമന്വയിപ്പിക്കുന്നതിന് സഹായകമായ വെഹിക്കിൾ റ്റു ഗ്രിഡ് (വി.ടു.ജി) ഫീൽഡ് തല പൈലറ്റ് പദ്ധതിക്ക് കെ.എസ്.ഇ.ബിയിൽ തുടക്കമായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബോംബെയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സോളാർ മണിക്കൂറുകളിൽ സുലഭമായി ലഭിക്കുന്ന വൈദ്യുതി, വൈദ്യുതവാഹനത്തിന്റെ ബാറ്ററിയിൽ ശേഖരിച്ച് ആവശ്യകത കൂടിയ മണിക്കൂറുകളിൽ ഗ്രിഡിലേക്ക് തിരികെ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

ഫീൽഡ് തലത്തിലുള്ള വിന്യാസമുൾപ്പെടെ ഉൾക്കൊള്ളുന്ന രാജ്യത്തെ ആദ്യ ബൃഹദ്പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടു ഘട്ടങ്ങളായായിരിക്കും കെ.എസ്.ഇ.ബിയിൽ വി2ജി പദ്ധതി നടപ്പാക്കുക. ആദ്യഘട്ടമെന്ന നിലയിൽ സങ്കേതിക, റെഗുലേറ്ററി ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിശദമായ സാധ്യതാപഠനം നടത്തും. തുടർന്ന് കെ .എസ്.ഇ.ബിയുടെ വിതരണ ശൃംഖല പ്രയോജനപ്പെടുത്തി പൈലറ്റ് വി2ജി സംവിധാനം സ്ഥാപിക്കും. ഐ.ഐ.ടി ബോബെയുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കെ.എസ്.ഇ.ബിയിൽ കൊണ്ടുവരാനാകുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ മിർ മുഹമ്മദ് അലി പറഞ്ഞു.

തിരുവനന്തപുരം വൈദ്യുതി ഭവനിൽ നടന്ന ചടങ്ങിൽ ഐ.ഐ.ടി ബോംബെയിലെ അസോസിയേറ്റ് പ്രൊഫസര്‍ സാക്കീർ ഹുസൈൻ റാത്തറും കെ.എസ്. ഇ.ബി റീസ് വിഭാഗം ചീഫ് എൻജിനീയറുടെ പൂർണ്ണ ചുമതലവഹിക്കുന്ന പി.ഐ ആഷയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. സാക്കിർ ഹുസൈൻ റാത്തർ വി2ജിയുടെ സാധ്യതകൾ വിശദീകരിച്ചു. കെ.എസ്.ഇ.ബി ഡയറക്ടർ (ജനറേഷൻ) ജി. സജീവ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ശിവദാസ്, കെ.എസ്.ഇ.ബി ഇ.വി സെൽ ടീം ലീഡർ സിനി ജോൺ, ഇ.വി ആക്സിലറേറ്റർ സെൽ അസിസ്റ്റന്‍റ് എൻജിനീയർ സജിൻ ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ഇ.ബിയിലെയും ഐ.ഐ.ടി ബോംബെയിലെയും ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - country's first vehicle-to-grid project begins at KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.