സംസ്ഥാനത്ത് വ്യാപകമായിരുന്ന അഴിമതിയെ വലിയ തോതിൽ ഒഴിവാക്കാനായി -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായിരുന്ന അഴിമതിയെന്ന വിപത്തിനെ വലിയ തോതിൽ ഒഴിവാക്കാനായെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വിജിലൻസ് ആൻഡ്​ ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ‍ നടപ്പാക്കുന്ന 'അഴിമതി രഹിത കേരളം' പദ്ധതി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേതൃതലത്തിൽ പൂർണമായി അഴിമതി ഒഴിവാക്കാനായി എന്നതാണ് നാടിന്‍റെ വിജയം. വിവിധ തലങ്ങളിൽ ചില ഘട്ടങ്ങളിലുണ്ടാകുന്ന അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമനം, സ്ഥലംമാറ്റം എന്നിവക്കൊക്കെ വലിയ തോതിൽ അഴിമതി വ്യാപകമായിരുന്നു. അത്തരം കാര്യങ്ങൾ അവസാനിപ്പിക്കാനായി എന്നതാണ് അഭിമാനകരം.

ശക്തമായ നിയമനടപടി, നിശ്ചയദാർഢ്യത്തിലൂടെയുള്ള പ്രവർത്തനം എന്നിവ വഴിയാണ് ഇത് സാധിച്ചത്. ഇനിയും വലിയ തോതിൽ ബോധവത്കരണം ആവശ്യമാണ്. അഴിമതി തുറന്നുകാട്ടാനും എതിർക്കാനും യുവതലമുറ ശ്രദ്ധിക്കണം. ജീവിതത്തിന്‍റെ ഏതെങ്കിലും ഭാ​ഗത്ത് അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാൽ, താൻ അതിന് തയാറാകില്ലെന്ന ദൃഢനിശ്ചയം കുഞ്ഞു നാളിലെ ഉണ്ടാകണം. ഏതു നാടിന്‍റെയും സുസ്ഥിര വികസനത്തിന് അഴിമതിരഹിതമായ സംവിധാനം ആവശ്യമാണ്. ഈ കാഴ്ചപ്പാടോടെയാണ് കേരള സർക്കാർ ഭരണം നടത്തുന്നത്.

രാജ്യത്ത് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന പദവി നേടാനായി. അഴിമതിയെപ്പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് മയക്കുമരുന്ന്.

സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം പൂർണമായി ഇല്ലായ്മ ചെയ്യണം. നവംബർ ഒന്നിന്​ മയക്കുമരുന്ന്​ വിപത്തിനെതിരെ തീർക്കുന്ന മനുഷ്യച്ചങ്ങലയിൽ എല്ലാവരും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - corruption in the state decreased says Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.