തൊടുപുഴ: സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ ഉൾപ്പെട്ട അഴിമതിക്കേസുകളുടെ നടപടിക്രമങ്ങളിൽ മെല്ലെപ്പോക്ക്. അഴിമതി കണ്ടെത്തിയാൽപോലും കുറച്ചുപേർക്കെതിരെ മാത്രം കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും അതിൽ വളരെ ചുരുക്കം പേർക്കെതിരെ മാത്രം ശിക്ഷാനടപടി സ്വീകരിക്കുകയും ചെയ്യുന്ന രീതിയാണ് ചില സർക്കാർ വകുപ്പുകളിൽ നിലനിൽക്കുന്നത്. രജിസ്റ്റർ ചെയ്ത് വർഷങ്ങളായിട്ടും നടപടി പൂർത്തിയാകാത്ത കേസുകളും കുറവല്ലെന്ന് ഇത് സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏഴുവർഷത്തിനിടെ വിവിധതരം അഴിമതിയുമായി ബന്ധപ്പെട്ട് 2019 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവയിൽ 583 എണ്ണത്തിൽ നാളിതുവരെയും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല.
റവന്യൂ ഉദ്യോഗസ്ഥർ പ്രതികളായ 82 കേസുകളും പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ 33 കേസുകളും ഇതിൽ ഉൾപ്പെടുന്നു. 2019 കേസുകളിൽ ഏഴുപേർക്കെതിരെ മാത്രമാണ് വകുപ്പ്തലത്തിൽ ശിക്ഷാനടപടി സ്വീകരിച്ചിട്ടുള്ളത്.
വിജിലൻസ് കോടതിയിലെത്തിയ കേസുകളിൽ കുറ്റം തെളയിക്കപ്പെട്ടവയിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ചില കേസുകളിലെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവം മൂലവും സാങ്കേതികവും നിയമപരവുമായ പഴുതുകൾ മുതലെടുത്തും പ്രതികൾ രക്ഷപ്പെടുകയും വീണ്ടും സർവിസിൽ തിരിച്ചെത്തുകയും ചെയ്യുന്നു. അന്വേഷണവും തെളിവെടുപ്പുമായി ചില കേസുകൾ അനന്തമായി നീണ്ടുപോകുന്നതും കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് സൗകര്യമാകുന്നുണ്ട്. സംഘടനാബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് അന്വേഷണം മരവിപ്പിക്കുന്നതിലും കേസ് അട്ടിമറിക്കുന്നതിലും ചില ഉദ്യോഗസ്ഥർ വിദഗ്ധരാണ്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ 2019 കേസുകൾ വിജിലൻസ് രജിസ്റ്റർ ചെയ്തപ്പോൾ ശിക്ഷാനടപടിയുടെ ഭാഗമായി പൊലീസിൽനിന്ന് രണ്ട് പേരെയും എം.ജി സർവകലാശാല, വ്യവസായം, കൺസ്യൂമർഫെഡ്, ട്രഷറി, റവന്യൂ എന്നീ വകുപ്പുകളിൽനിന്ന് ഒരാളെ വീതവും പിരിച്ചുവിട്ടു. ഭൂരിഭാഗം കേസുകളും കൈക്കൂലി, അനധികൃത സ്വത്ത് സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ടതാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരിൽ അഞ്ചിലൊന്ന് പേരും തദ്ദേശ സ്വയംഭരണം, മോട്ടോർ വാഹനം, രജിസ്ട്രേഷൻ വകുപ്പുകളിൽനിന്നുള്ളവരാണെന്ന് അടുത്തിടെ വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.