സഹ. ബാങ്കുകളിലെ നിക്ഷേപകര്‍ ആശങ്കയില്‍

കോട്ടയം: സഹ. ബാങ്കുകളുടെ പ്രവര്‍ത്തനം പൂര്‍ണസ്തംഭനത്തിലായതോടെ ആയിരക്കണക്കിനു നിക്ഷേപകര്‍ ആശങ്കയില്‍. വിവാഹമടക്കം അടിയന്തര ആവശ്യങ്ങള്‍ക്കുപോലും പണം എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിക്ഷേപകര്‍ പരിഭ്രാന്തിയിലാണ്. ബാങ്കുകളെ രക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അനിശ്ചിതത്വത്തിലായതും കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്കും അനുകൂല നിലപാടെടുക്കാത്തതും നിക്ഷേപകരെ കടുത്ത ദുരിതത്തിലാക്കുകയാണ്. റിസര്‍വ് ബാങ്ക് നടപടിക്കെതിരെ കോടതിയെ സമീപിച്ചിട്ടും അനുകൂല തീരുമാനം ലഭിക്കാത്തതും ആശങ്ക ഇരട്ടിപ്പിക്കുന്നു.

ലക്ഷത്തോളം കോടി രൂപയാണ് സംസ്ഥാനത്തെ വിവിധ സഹ. ബാങ്കുകളിലും പ്രാഥമിക സംഘങ്ങളിലുമായി ഉള്ളത്. നിക്ഷേപത്തില്‍ വ്യാപകമായി കള്ളപ്പണം ഉണ്ടെന്ന പേരില്‍ സഹ. ബാങ്കുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം സംസ്ഥാനത്തിന്‍െറ വികസനപ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയാകുകയാണ്. നിക്ഷേപത്തില്‍ 60-70 ശതമാനം കാര്‍ഷിക മേഖലയുടെ വികസനത്തിനു വിനിയോഗിക്കുന്നതിനാല്‍ ഇവിടെയും പ്രതിസന്ധി രൂക്ഷമാകുകയാണ്. ക്ഷേമ പെന്‍ഷനുകളുടെ വിതരണവും തടസ്സപ്പെടുമെന്ന ആശങ്ക ശക്തമാണ്. വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്ന 20,000 കോടിയോളം രൂപയുടെ റദ്ദാക്കിയ നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയാത്തതും ബാങ്കുകളെ തകര്‍ത്തേക്കും.

അതിനിടെ നോട്ട് പ്രതിസന്ധിക്ക് താല്‍ക്കാലികമായാണെങ്കിലും നേരിയ ആശ്വാസം നല്‍കി 100, 50 രൂപ നോട്ടുകള്‍ എ.ടി.എമ്മിലും ബാങ്കുകളിലും എത്തി. എന്നാല്‍, സംസ്ഥാനത്തെ പ്രധാന നഗരകേന്ദ്രങ്ങളിലെ ബാങ്കുകളിലും ഗ്രാമപ്രദേശങ്ങളിലെ ചുരുക്കം ചില എ.ടി.എമ്മുകളിലും മാത്രമാണ് 100, 50 രൂപ നോട്ടുകള്‍ പരിമിതമായാണെങ്കിലും ലഭിച്ചു തുടങ്ങിയത്. ഗ്രാമങ്ങളില്‍ പുതിയ നോട്ടിനായുള്ള നെട്ടോട്ടം അവസാനിച്ചിട്ടില്ല. ഗ്രാമപ്രദേശങ്ങളിലെ 60 ശതമാനം എ.ടി.എമ്മുകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.

ബാങ്കുകളിലും എ.ടി.എമ്മുകളിലും കൂടുതലായി എത്തിച്ചിട്ടുള്ളത് 2000ത്തിന്‍െറ നോട്ടുകളായതു ജനത്തെ കടുത്ത ദുരിതത്തിലാക്കുകയാണ്. 2000 നോട്ട് മാറിക്കിട്ടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കഴിഞ്ഞദിവസം 100, 50 രൂപയുടെ കൂടുതല്‍ നോട്ട് എത്തിക്കുമെന്ന് ആര്‍.ബി.ഐ അറിയിച്ചെങ്കിലും അവ ആവശ്യത്തിനു തികഞ്ഞില്ല. 100ന്‍െറയും അമ്പതിന്‍െറയും 400 കോടിയുടെ നോട്ടുകള്‍ എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം.

ഇപ്പോഴത്തെ നടപടി താല്‍ക്കാലികം മാത്രമാണെന്നും ഡിസംബര്‍ പകുതിയോടെ മാത്രമേ ആവശ്യാനുസരണം നോട്ടുകള്‍ ലഭിക്കുകയുള്ളൂവെന്നും ബാങ്ക് അധികൃതര്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. തിരക്കിട്ട് പുതിയ 1000, 500 നോട്ടുകള്‍ ഇറക്കില്ളെന്നും കള്ളനോട്ട് തടയാനുള്ള നടപടികള്‍ പൂര്‍ണതയില്‍ എത്തിയ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും റിസര്‍വ് ബാങ്ക് വൃത്തങ്ങളും അറിയിച്ചു. കുറഞ്ഞത് മൂന്നു മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് അവര്‍ നല്‍കുന്ന സൂചന.

Tags:    
News Summary - coopeerative bank's depositers are in tension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.