തെങ്ങിനെ തോട്ടവിളയാക്കുന്നത് പരിശോധിക്കും -മുഖ്യമന്ത്രി
തിരുവനന്തപുരം: തെങ്ങിനെ തോട്ടവിളയാക്കുന്നത് സംസ്ഥാന സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക നാളികേര ദിനത്തോടനുബന്ധിച്ച് സംസ്ഥാന കൃഷി വകുപ്പും നാളികേര വികസന ബോർഡും സംയുക്തമായി സംഘടിപ്പിച്ച ദേശീയതല ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളികേര കൃഷിക്ക് പുതിയ ഉണർവ് നൽകുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനുമായി നാളികേര മൂല്യവർധിത പാർക്ക് കേരളത്തിൽ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗവേഷണാടിസ്ഥാനത്തിലുള്ള നാളികേര മൂല്യവർധിത പാർക്ക് യാഥാർഥ്യമാക്കാനുള്ള എല്ലാ പിന്തുണയും സംസ്ഥാന സർക്കാർ നൽകും. രാജ്യത്തെ തെങ്ങ് കൃഷിയുടെ 65 ശതമാനവും മുമ്പ് കേരളത്തിലായിരുന്നു. പക്ഷെ കുറച്ചുകാലത്തിനിടെ കേരളം ഇക്കാര്യത്തിൽ പിന്നോട്ട് പോയി. ഒരുപക്ഷെ കേരളത്തിൽ തെങ്ങ് കൃഷിയെ തോട്ടവിളയായി പരിഗണിക്കാത്തതായിരിക്കും ഇതിന് കാരണം. എന്തായാലും അതിന്റെ കാരണമെന്തെന്ന് ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂർ വിശിഷ്ടാതിഥിയായിരുന്നു. നാളികേര വികസന ബോർഡിന്റെ അവാർഡുകൾ കേന്ദ്രസഹമന്ത്രി വിതരണം ചെയ്തു. നന്മ നിറഞ്ഞ കേരളം റേഡിയോ പ്രോഗ്രാമിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, നാളികേര വികസന ബോർഡ് ചെയർമാൻ ശുഭ നാഗരാജൻ, ചീഫ് കോക്കനട്ട് ഡെവലപ്മെന്റ് ഓഫിസർ ഡോ. ബി. ഹനുമാന്ത ഗൗഡ, ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ദീപ ഡി. നായർ, കേന്ദ്ര ഹോർട്ടികൾച്ചർ കമീഷണർ ഡോ. പ്രഭാത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.