മൂന്ന് പ്രിയദർശിനി ബസുകളിൽ ഒന്ന് സ്വകാര്യ വാടക ബസ്; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവിസുകൾക്കായി സ്വകാര്യ ബസുകൾ വാടകക്കെടുക്കുന്നു. ഇത് സംബന്ധിച്ച വിദഗ്ധ സമിതിയുടെ ശിപാർശ നല്ല നിർദേശമാണെന്നും താൽപര്യമറിയിക്കുന്ന ബസുടമകളുമായി ചർച്ച നടത്തുമെന്നും ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.
പ്രിയദർശിനി പദ്ധതി മൂലം നഷ്ടത്തിലാണെന്ന സ്വകാര്യ ബസുകളുടെ പരാതി പരിശോധിക്കാൻ സർക്കാർ നിയോഗിച്ച കെ. പത്മകുമാർ കമ്മിറ്റി റിപ്പോർട്ടിലാണ് ഈ നിർദേശമുള്ളത്.
പ്രിയദർശിനി സർവിസുകളുടെ നിലവിലെ എണ്ണം കൂട്ടാതെ 2:1 എന്ന അനുപാതത്തിൽ സ്വകാര്യ ബസുകൾ വാടകക്കെടുക്കാം. അതായത് ഓരോ മൂന്ന് പ്രിയദർശിനി ബസുകളിൽ ഒന്ന് സ്വകാര്യ വാടക ബസായിരിക്കും. കിലോമീറ്റർ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി നിശ്ചയിക്കുന്ന നിരക്കിലാകും ഇത് നടപ്പാക്കുക. നിരക്ക് സംബന്ധിച്ച് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ചർച്ച നടത്തി ധാരണയിലെത്തണം.
കണ്ടക്ടർ കെ.എസ്.ആർ.ടി.സിയുടേതായിരിക്കും. സർവിസ് ഓപറേഷനും കലക്ഷനും കെ.എസ്.ആർ.ടി.സിക്കായിരിക്കും. മൂന്നു മുതൽ അഞ്ചു വർഷം വരെ കാലയളവിലുള്ള കരാറിലാകണം വാടകക്കെടുക്കൽ. നിർദേശം നിർബന്ധമായി അടിച്ചേൽപിക്കില്ല. താൽപര്യമുള്ള സ്വകാര്യ ബസുടമകൾക്ക് സ്വീകരിക്കാം.
ഇത്തരത്തിൽ സ്വകാര്യ ബസുകൾ ഏർപ്പെടുത്തുന്നതോടെ വിട്ടുകിട്ടുന്ന ബസ് കെ.എസ്.ആർ.ടി.സിക്ക് മറ്റൊരു റൂട്ടിൽ വിന്യസിക്കാം. പുതിയ ബസ് വാങ്ങാതെ തന്നെ ഓപറേഷൻ വ്യാപിപ്പിക്കാൻ ഇത് കോർപറേഷനെ സഹായിക്കുമെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും മറ്റ് ശിപാർശകൾ സർക്കാർ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് മന്ത്രിയുടെ നിലപാട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ബസുടമകൾക്കും പൊതുജനങ്ങൾക്കുമായി ഹിയറിങ് സംഘടിപ്പിച്ചാണ് അഞ്ചംഗ വിദഗ്ധ സമിതി ശിപാർശകൾ സമർപ്പിച്ചത്. റിപ്പോർട്ട് ബുധനാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
മറ്റ് ശിപാർശകൾ
=നിലവിൽ സ്വകാര്യ ബസുകളുടെ കാലാവധി 22 വർഷമാണ്. ഇത് 25 വർഷമായി ദീർഘിപ്പിക്കണം. കാലാവധി തീരുന്ന 1500 സ്വകാര്യ ബസുകള്ക്ക് സഹായകമാകും.
=സ്വകാര്യ ബസ് മേഖലയെ വ്യവസായമായി അംഗീകരിക്കണം. എം.എസ്.എം.ഇ ചട്ടക്കൂട്ടിലുള്ള വ്യവസായമായി അംഗീകരിച്ചാൽ ബാങ്കുകളിൽ നിന്നടക്കം കുറഞ്ഞ പലിശനിരക്കിൽ വായ്പകൾക്ക് വഴിയൊരുങ്ങും.
=നിലവിൽ മൂന്ന് മാസത്തിലൊരിക്കൽ അടക്കുന്ന നികുതി പ്രതിമാസം അടക്കാൻ സൗകര്യമൊരുക്കണം.
=ലഭ്യമായ സ്ഥലങ്ങളിൽ സ്വകാര്യ ബസുകൾക്ക് കെ.എസ്.ആർ.ടി.സി പമ്പുകളിൽനിന്ന് ഇന്ധനം നിറക്കാനുള്ള സൗകര്യം അനുവദിക്കണം. കെ.എസ്.ആർ.ടി.സിക്ക് നിലവിൽ ഡീലർ നിരക്കിലാണ് ഇന്ധനം നൽകുന്നത്. ഈ നിരക്കിൽ സ്വകാര്യ ബസുകൾക്കും ഇന്ധനം കിട്ടുന്നത് ആശ്വാസമാകും.
=പ്രിയദർശിനിക്ക് തൊട്ടുപിന്നാലെ സ്വകാര്യ ബസ് ഓടും വിധമുള്ള റൂട്ട് ക്രമീകരണം പുനഃപരിശോധിക്കുകയും യുക്തിസഹമായി റൂട്ടുകൾ പുനഃക്രമീകരിക്കുകയും വേണം.
=സ്വകാര്യ ബസുകൾക്കും സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന ഇൻഷുറൻസ് എടുക്കാനുള്ള സൗകര്യമൊരുക്കണം.
=സ്വകാര്യ ബസുകളിൽ പരസ്യങ്ങൾ അനുവദിക്കണം.
=ബസ് ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ മൂന്ന് പേർ എന്നതിന് പകരം രണ്ട് പേരാക്കി ചുരുക്കണം. ക്ലീനർമാർ നിലവിൽ ബസുകളിലില്ല. എന്നാൽ ഇത് കൂടി കണക്കിലെടുത്താണ് ക്ഷേമനിധിയിൽ മൂന്ന് പേർ എന്ന വ്യവസ്ഥ വെച്ചത്.
=യാത്രക്കാർ കുറവുള്ള ഞായറാഴ്ചയും മറ്റ് പൊതു അവധി ദിവസങ്ങളിലും മോട്ടോർ വാഹന വകുപ്പിൽനിന്ന് അനുമതി വാങ്ങി തീർഥാടനമടക്കമുള്ള സ്പെഷൽ സർവിസുകൾ നടത്താൻ നിലവിൽ അനുവാദമുണ്ട്. എന്നാൽ ഇതിനുള്ള അപേക്ഷ നടപടികൾ ഓൺലൈനാക്കുന്ന കാര്യം പരിഗണിക്കണം.
=സംസ്ഥാനത്തെ പൊതുഗതാഗത മേഖലക്കായി സമഗ്രമായ ഗതാഗത നയം രൂപവത്കരിക്കണം. ഭാവിയിൽ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന ഐ.ടി അധിഷ്ഠിത മൊബിലിറ്റി കാർഡ് ഘട്ടം ഘട്ടമായി നടപ്പിലാക്കാനും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
സർക്കാറിന് അധിക സാമ്പത്തിക ബാധ്യതയില്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: സ്വകാര്യ ബസുകൾ സംബന്ധിച്ച് വിദഗ്ധ സമിതി സമർപ്പിച്ച ശിപാർശകൾ സർക്കാർ പരിശോധിക്കുമെന്നും അനുകൂല തീരുമാനമെടുക്കാൻ കഴിയുന്ന കാര്യങ്ങളാണ് മിക്കവയുമെന്നും ഗതാഗത മന്ത്രി സി.പി. ജോൺ.
ഈ ശിപാർശകളിലൊന്നും സർക്കാറിന് അധിക സാമ്പത്തിക ബാധ്യത വരില്ല. സ്വകാര്യ ബസുടമകളുമായി കൂടി ചർച്ച നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. ബസ് നിരക്ക് വർധിപ്പിക്കണമെന്ന് ഇപ്പോൾ സ്വകാര്യ ബസുകാർ പറയുന്നില്ല. നിരക്ക് കൂട്ടിയാൽ സ്വകാര്യ ബസുകളിൽ യാത്രക്കാർ കയറാത്ത സ്ഥിതിയുണ്ടാകും.
12,000 സ്വകാര്യ ബസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. പ്രിയദർശിനി വന്നശേഷം സ്വകാര്യ ബസുകൾ ഓടാതിരിക്കുന്നത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ എണ്ണം കുറയുന്ന പ്രവണത കോവിഡിന് മുമ്പ് 2017 മുതൽ തുടങ്ങിയതാണെണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷൻ കെ. പത്മകുമാർ വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളുടെ എണ്ണം വർധിച്ചതും ഒരു വീട്ടിൽ ഒന്നിധികം വാഹനങ്ങളുണ്ടായതും ഇതിന് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയദർശിനി ഇപ്പോൾ വർധിപ്പിക്കാനില്ല -സി.പി. ജോൺ
പ്രിയദർശിനി സർവിസുകൾ ഇപ്പോൾ വർധിപ്പിക്കാനില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പ്രിയദർശിനി സർവിസുകൾ ചില റൂട്ടുകളിലെ സ്വകാര്യ ബസുകളെ ബാധിച്ചിട്ടുണ്ട്. ചിലയിടത്ത് ബാധിച്ചിട്ടേയില്ല. ഉദാഹരണത്തന് വടകര താലൂക്കിൽ പ്രിയദർശിനി വന്നത് തന്നെ അറിഞ്ഞിട്ടില്ല. അവിടെ ഓർഡിനറി ബസുകളില്ലാത്തതിനാലാണിതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.