തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെ.ടി.യു)യിൽ വൈസ്ചാൻസലർ ഒപ്പിടാത്ത ബിരുദ സർട്ടിഫിക്കറ്റ് വിദ്യാർഥിക്ക് അയച്ചതിൽ വിവാദം. എം.ടെക് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥിക്കാണ് വി.സി ഒപ്പിടാത്ത സർട്ടിഫിക്കറ്റ് കഴിഞ്ഞദിവസം തപാലിൽ ലഭിച്ചത്. അപാകത സംബന്ധിച്ച് വിദ്യാർഥി പരാതിപ്പെട്ടതോടെയാണ് വീഴ്ച സർവകലാശാലയുടെ ശ്രദ്ധയിൽപെടുന്നത്. ഡോ. സിസ തോമസ് വി.സിയുടെ ചുമതലയേറ്റെടുത്ത ശേഷം അയച്ച ബിരുദ സർട്ടിഫിക്കറ്റുകളിൽ ഒന്നിലാണ് വി.സിയുടെ ഒപ്പില്ലാതെ പോയത്. നവംബർ 30നാണ് പുതിയ വി.സിക്ക് ബിരുദ സർട്ടിഫിക്കറ്റുകളിൽ ഡിജിറ്റൽ ഒപ്പിടാനുള്ള സാങ്കേതിക സൗകര്യം ഒരുങ്ങിയത്. വി.സി ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തിയ ശേഷമാണ് ബിരുദ സർട്ടിഫിക്കറ്റ് പ്രിന്റെടുക്കുന്നതും വിദ്യാർഥികൾക്ക് അയക്കുന്നതും. എന്നാൽ, വി.സി ഒപ്പിടാത്ത സർട്ടിഫിക്കറ്റ് നവംബർ 29നാണ് സർവകലാശാലയിൽ പ്രിന്റെടുക്കുന്നത്. ഇതാണ് വിദ്യാർഥിക്ക് അയച്ചത്.
പുതിയ വി.സിക്ക് ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്താൻ സാങ്കേതിക സൗകര്യം ഏർപ്പെടുത്തുന്നതിന്റെ മുന്നോടിയായി പരിശോധിക്കാൻ ഐ.ടി സെക്ഷൻ പ്രിന്റെടുത്ത 23 സർട്ടിഫിക്കറ്റുകളിലൊന്ന് പി.ജി സെക്ഷനിൽ നിന്ന് വിദ്യാർഥിക്ക് അയച്ചുനൽകുകയായിരുന്നു. പരിശോധിക്കാൻ വേണ്ടി പ്രിന്റെടുത്ത 23 സർട്ടിഫിക്കറ്റുകളും റദ്ദ് ചെയ്യണമെന്നും വി.സിയുടെ ഒപ്പിട്ട ശേഷം പുതിയ സർട്ടിഫിക്കറ്റ് പ്രിന്റെടുക്കണമെന്നും ഐ.ടി സെക്ഷൻ നിർദേശം നൽകിയിരുന്നു. ഇത് പാലിച്ചില്ല.
അതേസമയം, നവംബർ നാലിന് വി.സിയുടെ ചുമതലയേറ്റെങ്കിലും സർട്ടിഫിക്കറ്റിൽ ഒപ്പിടാനുള്ള സാങ്കേതികസൗകര്യം ഒരുങ്ങിയത് നവംബർ 30നാണെന്ന് സർവകലാശാല വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒപ്പില്ലാതെയുള്ള ബിരുദ സർട്ടിഫിക്കറ്റ് അച്ചടിച്ചത് നവംബർ 29നാണെന്ന് പരീക്ഷ കൺട്രോളർ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയതായും സർവകലാശാല വിശദീകരണത്തിൽ പറയുന്നു. എന്നാൽ, എന്തുകൊണ്ടാണ് ഡിജിറ്റൽ ഒപ്പില്ലാത്ത സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാത്തതെന്ന് ഐ.ടി സെക്ഷൻ വ്യക്തമാക്കിയിട്ടില്ലെന്നും സർവകലാശാല വാർത്തക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.