മഴയിൽ കുതിരാതെ വിവാദങ്ങൾ;വികസന അജണ്ട വഴിമാറിയ തൃക്കാക്കര

കൊച്ചി: വികസനം പറഞ്ഞ് തുടങ്ങിയെങ്കിലും വിവാദങ്ങളിൽ കുഴഞ്ഞുമറിഞ്ഞ് തൃക്കാക്കര. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തോടെയാണ് ഇരുമുന്നണികളും തുടങ്ങിയതുതന്നെ.

രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയെ എതിർത്തിരുന്ന പി.ടി. തോമസിന്‍റെ ഭാര്യയെ യു.ഡി.എഫ് സ്ഥാനാർഥിയാക്കിയത് കോൺഗ്രസിലെതന്നെ ചില നേതാക്കൾ ചോദ്യം ചെയ്തു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് സി.പി.എം ജില്ല കമ്മിറ്റിയംഗത്തിന് വേണ്ടി മതിലെഴുത്ത് പോലും തുടങ്ങിയശേഷം സ്ഥാനാർഥിയെ മാറ്റി ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. സഭയുടെ സ്ഥാനാർഥിയാണ് എൽ.ഡി.എഫിന്‍റേതെന്ന ആരോപണം സിറോ മലബാർ സഭയെയും പ്രതിരോധത്തിലാക്കി. സഭയുടെ കീഴിലുള്ള ആശുപത്രിയിൽ നേതാക്കൾക്കൊപ്പമിരുന്ന് സ്ഥാനാർഥി വാർത്തസമ്മേളനം നടത്തിയതിന്‍റെ അലയൊലികൾ കെട്ടടങ്ങിയിട്ടില്ല.

മണ്ഡലത്തിനോട് ചേർന്ന കൊച്ചി നഗരസഭ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ മരണപ്പെട്ട മുൻ കൗൺസിലറുടെ ഭാര്യയെ സ്ഥാനാർഥിയാക്കിയ ഇടത് നടപടി ചൂണ്ടിക്കാട്ടിയാണ് കുടുംബ വാഴ്ച വിവാദത്തിൽ യു.ഡി.എഫ് തിരിച്ചടിച്ചത്. ഒരു വിഭാഗം വിശ്വാസികൾ അകലാനിടയുണ്ടെന്ന് മനസ്സിലായതോടെ സഭ വിവാദത്തിൽനിന്ന് യു.ഡി.എഫും തലയൂരി. ഇതോടെ വികസനമെന്ന അജണ്ട മുന്നണികൾ വോട്ടർമാർക്ക് മുന്നിൽ വെക്കാൻ തുടങ്ങി. എന്നാൽ, ഇതും കലാശിച്ചത് വിവാദത്തിൽ. മെട്രോ റെയിലടക്കം തൃക്കാക്കരക്ക് സ്വന്തമായ വികസനങ്ങളെല്ലാം 2015ന് മുമ്പ് യു.ഡി.എഫ് കൊണ്ടുവന്നതാണെന്നും വികസനത്തെ എതിർക്കുന്ന നയമായിരുന്നു എൽ.ഡി.എഫിന്‍റേതെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ തീരുമാന പ്രകാരം തൃക്കാക്കരക്ക് നീട്ടുന്ന മെട്രോക്ക് ആറ് വർഷമായിട്ടും അനുമതി നേടാൻ എൽ.ഡി.എഫിനായില്ലെന്നും കുറ്റപ്പെടുത്തി. മെട്രോ റെയിലിന് വേണ്ടി പാർലമെന്‍റിനകത്തും പുറത്തും ഹൈബി ഈഡനടക്കം എം.പിമാർ ഇടപെട്ട രേഖകളുമായി യു.ഡി.എഫ് രംഗത്തെത്തി.

തൃക്കാക്കരക്കാർക്ക് മുമ്പ് പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് കൈവന്നരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞതായി അടുത്ത വിവാദം. എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനം വന്ന ശേഷമുള്ള ഉമയുടെ പ്രതികരണത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചായിരുന്നു എൽ.ഡി.എഫിന്‍റെ തിരിച്ചടി. മുഖ്യമന്ത്രിയടക്കം മന്ത്രിമാർ മണ്ഡലത്തിൽ തമ്പടിച്ച് നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളെ ചൊല്ലിയും വിവാദം ഉടലെടുത്തു. 

Tags:    
News Summary - Controversies over not getting rain; Thrikkakara diverts development agenda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.