പങ്കാളിത്ത പെൻഷൻ: കേരളം പൂഴ്ത്തിയ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സർക്കാർ പൂഴ്ത്തിവെച്ച പങ്കാളിത്ത പുനഃപരിശോധന കമ്മിറ്റി റിപ്പോർട്ട് ഒടുവിൽ പുറത്തുവിട്ടു. സുപ്രീംകോടതി ഇടപെടലാണ് സതീശ്ചന്ദ്രബാബു കമീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്താൻ സർക്കാറിനെ നിർബന്ധിതമാക്കിയത്.

പങ്കാളിത്ത പെൻഷനിൽ അംഗങ്ങളായവരിൽ പത്ത് വർഷത്തിൽ താഴെ സർവിസുള്ളവർക്ക് മിനിമം ആശ്വാസ പെൻഷൻ അനുവദിക്കണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശകളിലൊന്ന്. പത്ത് വർഷം സർവിസില്ലാത്തവർക്ക് നിലവിൽ തുച്ഛമായ തുകയാണ് പെൻഷൻ ലഭിക്കുന്നത്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ 10 വർഷത്തിൽ താഴെ സർവിസുള്ളവർക്ക് പെൻഷന് അർഹതയില്ലാത്തതിനാൽ മിനിമം ആശ്വാസ പെൻഷൻ നൽകുന്നുണ്ട്.

പങ്കാളിത്ത പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാണ് ശിപാർശ. 10 വർഷം സർവിസുണ്ടെങ്കിൽ 8000-10000 രൂപവരെ ആശ്വാസ പെൻഷൻ നൽകാനാണ് ശിപാർശ ചെയ്തിട്ടുള്ളത്. പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം 10 ശതമാനം എന്നത് 14 ശതമാനമായി ഉയർത്തണമെന്നതാണ് മറ്റൊരു നിർദേശം. ജീവനക്കാർ മരണപ്പെടുകയോ വിരമിക്കുയോ ചെയ്യുമ്പോൾ നൽകുന്ന ഡെത്ത് കം റിട്ടയർമെന്‍റ് ഗ്രാറ്റ്വിറ്റി (ഡി.സി.ആർ.ജി) അലവൻസ് പങ്കാളിത്ത പെൻഷൻകാർക്കും അനുവദിക്കണമെന്നതാണ് മറ്റൊന്ന്. കേന്ദ്രസർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷനിൽ ഡി.സി.ആർ.ജി ഉൾപ്പെട്ടിരുന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയപ്പോൾ ഇത് ഒഴിവാക്കുകയായിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്നത് ജീവനക്കാർക്ക് അനുകൂല ശിപാർശയാണ്.

2013 ന് മുമ്പ് നിയമനത്തിന് യോഗ്യത നേടിയവർക്ക് പഴയ പെൻഷൻ സ്കീം തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകണമെന്നും കമ്മിറ്റി ശിപാർശ ചെയ്യുന്നു. പുതിയ പെൻഷൻ പദ്ധതിയുടെ സാമ്പത്തിക ഗുണം സർക്കാറിന് ഉടൻ കിട്ടില്ലെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. 2040 ഓടെ മാത്രമേ സർക്കാർ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകൂ. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കമീഷൻ പറയുന്നില്ലെങ്കിലും പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന് നിയമപരമായി തടസ്സമില്ലെന്ന നിഗമനമുണ്ട്.

നിയമപരമായ പാളിച്ചയൊന്നും പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതിലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Contributory Pension Review Committee recommends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.