മൊഴികളിൽ വൈരുദ്ധ്യം; ഗോപൻ സ്വാമിയുടെ മക്കളെയും ഭാര്യയേയും വീണ്ടും ചോദ്യംചെയ്യും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്. സമാധിയായി എന്ന മക്കളുടേയും ഭാര്യയുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് പറയുന്നത്. സ്വഭാവിക മരണമാണോ അല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല. പോസ്റ്റുമോർട്ടം, രാസപരിശോധനാ ഫലം, ഫൊറൻസിക് റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ അത് സ്ഥിരീകരിക്കാനാവൂ എന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഫൊറൻസിക് സംഘവും പൊലീസും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം പൊലീസുകാർ പറയുന്നത് ഡോക്ടർമാരും ശരിവച്ചിട്ടുണ്ട്. എങ്ങനെയാണ് മരിച്ചതെന്ന് ഇപ്പോൾ പറനാവില്ല. മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ല. മരണകാരണം എന്താണെന്നും മരണസമയം എപ്പോഴാണെന്നും അറിയാൻ ശ്വാസകോശത്തിൽനിന്നും ശേഖരിച്ച സാമ്പിളിന്റെ രാസപരിശോധനാ ഫലം വരണം. ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയുടെ ഫലം ലഭിക്കാൻ ഒരാഴ്ചയെടുക്കും. ഗോപൻ സ്വാമിയുടെ ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടെന്ന സംശയവും ഡോക്ടർമാർ ഉന്നയിച്ചു.

തിരുവനന്തപുരം നിംസ് ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. വൈകിട്ട് മൂന്നിനും നാലിനും ഇടയിൽ മതാചാര പ്രകാരമുള്ള ചടങ്ങുകൾക്കുശേഷം മഹാസമാധി നടത്തുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഗോപൻ സമാധിയായി എന്നാണ് മക്കളും ഭാര്യയും അവകാശപ്പെടുന്നത്. രഹസ്യമായി കോൺക്രീറ്റ് കല്ലറക്കുള്ളിൽ മൃതദേഹം മറവ് ചെയ്തതോടെയാണ് മരണത്തെ സംബന്ധിച്ച് അയൽക്കാർക്ക് സംശയം ഉയരുന്നത്. തുടർന്ന് വിശ്വംഭരൻ എന്നയാൾ ഗോപനെ കാൺമാനില്ല എന്ന് കാണിച്ച് പരാതി നൽകുകയായിരുന്നു.

Tags:    
News Summary - Contradiction in statements; Gopan Swami's relatives will be interrogated again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.