യുവാക്കളുടെമേൽ ടാർ വീണത് കൈയാങ്കളിക്കിടെ; നിർമാണ തൊഴിലാളി അറസ്റ്റിൽ

കൊച്ചി: യാത്രക്കാരായ യുവാക്കളെ റോഡ് നിർമാണ തൊഴിലാളി ടാർ ഒഴിച്ച് പൊള്ളിച്ചെന്ന കേസിൽ വിശദമായ പരിശോധന നടത്തി പൊലീസ്. യുവാക്കളും നിർമാണതൊഴിലാളികളും തമ്മിലുണ്ടായ കൈയാങ്കളിക്കിടെ ടാർ തെറിച്ചുവീണതാകാമെന്ന വിലയിരുത്തലിലാണ് പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഈ വിലയിരുത്തൽ. നിർമാണ തൊഴിലാളികളുടെയും യുവാക്കളുടെയും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ റോഡ് നിർമാണ തൊഴിലാളിയായ തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ ചെറുനിലത്ത് വീട്ടിൽ കൃഷ്ണപ്പനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടാർ വീണ് പൊള്ളലേറ്റ ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽനിന്നാണ്​ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്‍റെ പരാതിയിൽ ടാർ ദേഹത്ത് വീണ് പൊള്ളലേറ്റ ചിലവന്നൂർ ചെറമ്മേൽ വിനോദ് വർഗീസ് (40), വിവേക് നഗർ ചെറമ്മേൽ ജോസഫ് വിനു (36), പൊന്നിയത്ത് സൗത്ത് റോഡിൽ ചെറമ്മേൽപറമ്പിൽ ആന്റണി ജിജോ (40) എന്നിവർക്കെതിരെയും കേസെടുത്തു.

വ്യാഴാഴ്ച രാത്രി ചിലവന്നൂർ വാട്ടർലാൻഡ് റോഡിലായിരുന്നു സംഭവം. മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതെ റോഡ് പണി നടത്തി ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത തങ്ങളെ തൊഴിലാളികൾ ടാർ ഒഴിച്ച് പൊള്ളിച്ചെന്നായിരുന്നു ആദ്യം ലഭിച്ച പരാതി. എന്നാൽ, റോഡിലെ ഒരു വീട്ടിലെ സി.സി.ടിവി ദൃശ്യം പരിശോധിച്ചത് വഴിത്തിരിവായി. ടാർ ചെയ്യുന്ന ഭാഗത്തുകൂടി യാത്ര ചെയ്യണമെന്ന ആവശ്യം എതിർത്തതോടെ മൂവരും ചേ‌‌‌‌ർന്ന് മർദിച്ചെന്നും ഇതിനിടെ അബദ്ധത്തിൽ ടാർ യുവാക്കളുടെ ദേഹത്ത് വീണതാണെന്നുമാണ് കൃഷ്ണപ്പന്റെ മൊഴി.

എളംകുളത്തുനിന്ന് കാറിൽ വരുന്നതിനിടെ മുന്നറിയിപ്പ് ബോർഡ് വെക്കാതെ വഴിതടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരൻ ടാർ ഒഴിച്ചതെന്ന് യുവാക്കൾ പറയുന്നു. വിനോദിനും ജോസഫിനുമാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇരുവരുടെയും കൈക്കും കാലിനും പൊള്ളലുണ്ട്. ആന്റണിയുടെ കൈക്കാണ് പൊള്ളൽ. വിനോദ് വർഗീസ് ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റാണ്. ഗുരുതരമായി പൊള്ളലേക്കാവുന്ന സാഹചര്യത്തിലും റോഡ് നിർമാണത്തൊഴിലാളി ടാർ പാട്ട താഴെവെച്ചില്ലെന്നതും അപകടസാധ്യത മുന്നിൽകണ്ടിട്ടും യുവാക്കൾ കൈയാങ്കളിക്ക് മുതിർന്നു എന്നതും വീഴ്ചയായാണ് പൊലീസ് കാണുന്നത്. കൃഷ്ണപ്പനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Construction worker arrested in tarr attack kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.