ഗൂഢാലോചന: പ്രത്യേക അന്വേഷണസംഘം ഇന്ന്‌ യോഗം ചേരും

തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസന്വേഷിക്കുന്ന പ്രത്യേകസംഘം തിങ്കളാഴ്ച യോഗം ചേരും. രാവിലെ 11ന്‌ പൊലീസ്‌ ആസ്ഥാനത്ത്‌ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി ഷേയ്ഖ് ദർവേശ് സാഹിബി‍െൻറ സാന്നിധ്യത്തിലാകും യോഗം. കേസിലെ തുടർനടപടികൾ സംബന്ധിച്ച് യോഗത്തിൽ തീരുമാനമാകും.

സ്വപ്‌നയുടെ സുഹൃത്ത്‌ ഷാജ്‌ കിരൺ പൊലീസ്‌ മേധാവിക്ക്‌ നൽകിയ പരാതി പ്രത്യേക അന്വേഷണസംഘത്തിന്‌ കൈമാറിയിരുന്നു. കഴിഞ്ഞദിവസം സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് ഷാജ്‌ കിരൺ പരാതിയിൽ പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന പൊലീസ്‌ ഇയാൾക്ക്‌ ഗൂഢാലോചനയിലുള്ള പങ്കും അന്വേഷിക്കും. ഷാജ് കിരൺ, ഇബ്രാഹിം, സരിത് എന്നിവരുടെ പങ്കും പരിശോധിക്കും. അതിനുശേഷം സ്വപ്ന, പി.സി. ജോർജ് എന്നിവരെ ചോദ്യംചെയ്യുന്ന കാര്യവും തീരുമാനിക്കും.

ഗൂഢാലോചനയിലേക്ക്‌ തന്നെ എത്തിക്കാൻ പി.സി. ജോർജ്‌ ശ്രമിച്ചിരുന്നെന്ന് സരിത എസ്. നായർ മൊഴി നൽകിയിട്ടുണ്ട്. ഇതി‍െൻറ ഫോൺ രേഖകൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ സരിതയുടെ മൊഴി പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസമാണ് രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും ശബ്ദരേഖ പരിശോധിക്കുന്നതിന് ഫോൺ ഹാജരാക്കാനും നോട്ടീസ്‌ നൽകാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്‌. ഫോൺ രേഖകൾ പരിശോധിക്കുന്നതോടെ കേസിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.

Tags:    
News Summary - Conspiracy against the Chief Minister: Special Investigation Team The meeting will be held today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.