തിരുവനന്തപുരം: നിയമസഭയിലേക്ക് രണ്ടിലേറെ തവണ തുടർച്ചയായി മത്സരിച്ച് തോറ്റവർക്കും കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ തോറ്റവർക്കും ഇത്തവണ സീറ്റ് നൽകേണ്ടെന്ന് കോൺഗ്രസ് തീരുമാനം. പാർട്ടി മത്സരിക്കുന്ന ആകെ സീറ്റിൽ 50 ശതമാനത്തിലേറെ യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കുമായി നൽകുന്നതിനും തെരഞ്ഞെടുപ്പ് മേൽനോട്ടസമിതി തീരുമാനിച്ചതായി യോഗശേഷം സമിതി ചെയർമാൻ ഉമ്മൻ ചാണ്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോൺഗ്രസ് കരട് സ്ഥാനാർഥി പട്ടിക തയാറായിട്ടുണ്ട്. ഒാരോ സീറ്റിലേക്കും ഒന്നിലേറെ പേരുകൾ ഉൾപ്പെടുന്ന പാനലാണ് തയാറാക്കിയിട്ടുള്ളത്. വിജയസാധ്യതയാണ് സ്ഥാനാർഥിനിർണയത്തിൽ മുഖ്യഘടകം. അതിനനുസൃതമായാവും അന്തിമപട്ടിക. എ.െഎ.സി.സി നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി യോഗം ശനിയാഴ്ച തിരുവനന്തപുരത്ത് ചേർന്ന് പ്രാഥമിക വിലയിരുത്തൽ നടത്തും.
എന്നാൽ, വിശദമായ ചർച്ചക്ക് സമയം ലഭിക്കാത്തതിനാൽ സ്ക്രീനിങ് കമ്മിറ്റി അടുത്തയാഴ്ച ആദ്യം ഡൽഹിയിൽ യോഗം ചേർന്ന് സ്ഥാനാർഥി പട്ടികക്ക് രൂപം നൽകും. തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേർന്ന് പട്ടികക്ക് അന്തിമ അംഗീകാരംനൽകും. സീറ്റ് വിഭജനത്തിൽ ഘടകകക്ഷികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്. നാളെയോടെ സീറ്റ് വിഭജനം പൂർത്തിയാകും.
സീറ്റ് വിഭജനത്തിൽ ഞങ്ങൾക്ക് വ്യക്തതയുണ്ട്. അത് പറയേണ്ട സമയം പറയും. കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിന് നൽകേണ്ട സീറ്റുകളുടെ കാര്യത്തിലും വ്യക്തതയുണ്ട്. ശനിയാഴ്ച തെരഞ്ഞെടുപ്പ് സമിതി വീണ്ടും ചേർന്ന് പ്രകടനപത്രികക്ക് അംഗീകാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.