കോഴിക്കോട്: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നടത്തിയ മുന്നേറ്റം, മതേതര ചേരിയുടെ പ്രതീക്ഷകളെ തകിടംമറിക്കുന്നതാണെന്ന് ഐ.എൻ.എൽ സംസ്​ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

ഹിന്ദുത്വ രാഷ്ട്രീയത്തിന് കനത്ത പ്രഹരമേൽപ്പിക്കാൻ കിട്ടിയ സുവർണാവസരം കോൺഗ്രസിനോ ‘ഇൻഡ്യ’ മുന്നണിക്കോ ഫലപ്രദമായി വിനിയോഗിക്കാൻ സാധിച്ചില്ല. മധ്യപ്രദേശിലെയും രാജസ്​ഥാനിലെയും തെരഞ്ഞെടുപ്പ് ഫലം എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നു. ഹിന്ദിബെൽറ്റിനെ വർഗീയ രാഷ്ട്രീയ സ്വാധീനത്തിൽനിന്ന് മോചിപ്പിക്കുന്നതിൽ കോൺഗ്രസ്​ നേതൃത്വം പരാജയപ്പെട്ടത് ഹിന്ദുത്വ രാഷ്ട്രീയത്തിന് ആകർഷണീയമായ ഒരു ബദൽ മുന്നോട്ടുവെക്കാൻ സാധിക്കാത്തത് കൊണ്ടാണ്.

മധ്യപ്രദേശിൽ കമൽനാഥിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ്​ ബി.ജെ.പിയെ നേരിട്ടത് മൃദുഹിന്ദുത്വയുടെ കാലഹരണപ്പെട്ട ആയുധം കൊണ്ടാണ്. ഉയർന്നുപൊങ്ങുന്ന രാമക്ഷേത്രത്തിന്‍റെ ക്രെഡിറ്റ് കോൺഗ്രസിനാണ് എന്ന അവകാശവാദവുമായാണ് കമൽനാഥ് വോട്ട് പിടിക്കാനിറങ്ങിയത്. ബാബരി മസ്​ജിദ് ധ്വംസനത്തിന്‍റെ ക്രെഡിറ്റും കോൺഗ്രസിന്‍റെ വരവിൽ വെക്കാനാണ് അദ്ദേഹം ബുദ്ധിശൂന്യത കാണിച്ചത്. രാജസ്​ഥാനിലാവട്ടെ, കോൺഗ്രസിലെ ആഭ്യന്തര സംഘർഷവും നേതാക്കളുടെ തമ്മിൽത്തല്ലും ബി.ജെ.പിക്ക് വിജയം താലത്തിൽവെച്ച് നൽകുന്ന അവസ്​ഥയുണ്ടാക്കി.

ഛത്തീസ്​ഗഢിലും കോൺഗ്രസിന് പിഴച്ചു. തെലങ്കാനയിൽ മാത്രമാണ് രാഹുലിന്‍റെ പാർട്ടിക്ക് തിളക്കമാർന്ന വിജയം കൈവരിക്കാനായത്. അതേസമയം, ബി.ജെ.പിക്ക് അടുത്ത തെരഞ്ഞെടുപ്പ് ഒരു ഈസി വാക്കോവർ ആയിരിക്കില്ലെന്നും ശക്തമായ മത്സരം കാഴ്ചവെക്കാൻ മതേതര ചേരി മനസ്സിരുത്തിയാൽ സാധിക്കുമെന്നുമുള്ള ആശ്വാസകരമായൊരു സന്ദേശം തെരഞ്ഞെടുപ്പ് ഫലം കൈമാറുന്നുണ്ടെന്നും കാസിം ഇരിക്കുർ പ്രസ്​താവനയിൽ പറഞ്ഞു. 

Tags:    
News Summary - Congress wasted political golden opportunity to defeat BJP - I.N.L

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.