കോൺഗ്രസ് പാർട്ടിയുടെ പതാക

‘വേട്ടയാടൽ’ രാഷ്ട്രീയ നിക്ഷേപമാക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: തൃക്കാക്കര മുതൽ തദ്ദേശം വരെ ആധികാരിക വിജയവുമായി നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷ നേതാവിനെതിരെ ‘പുനർജനി കേസ്’ ഉയർത്താനുള്ള സർക്കാർ നീക്കം രാഷ്ട്രീയ നിക്ഷേപവും ആയുധവുമാക്കാൻ കോൺഗ്രസ്. കഴിമ്പില്ലെന്ന് കണ്ട് ഒരുവട്ടം എഴുതിത്തള്ളിയ കേസ്, വീണ്ടും അന്വേഷിക്കുകയും ഒരു വർഷം മുൻപ് സമർപ്പിക്കുകയും ചെയ്ത ശിപാർശകൾ ഈ ഘട്ടത്തിൽ ഉയർത്തുന്നത് രാഷ്ട്രീയ പ്രേരിതമെന്നതിന് മറ്റ് വ്യഖ്യാനങ്ങൾ വേണ്ടെന്ന് അടിവരയിടുകയാണ് നേതാക്കൾ.

സി.ബി.ഐ അന്വേഷണമാകാമെന്ന വിജിലൻസ് ശിപാർശ പുറത്തുവിട്ടതല്ലാതെ തീരുമാനത്തിലേക്ക് സർക്കാർ കടന്നിട്ടില്ല. തീരുമാനിച്ചാൽ തന്നെ കേന്ദ്ര ഏജൻസികൾക്കെതിരായ പ്രഖ്യാപിത നിലപാടുകൾ മുൻനിർത്തി സർക്കാറിനെ ചോദ്യമുനയിൽ നിർത്താമെന്നതടക്കം രാാഷ്ട്രീയസാധ്യതകളാണ് പ്രതിപക്ഷത്തിന് മുന്നിലുള്ളത്. പ്രളയബാധിതർക്ക് കിടപ്പാടം നിർമിച്ച് നൽകാനുള്ള ധനസമാഹരണത്തെ നിയമ സാങ്കേതികത്വങ്ങളിൽ കുരുക്കി തെളിവുണ്ടാക്കി കേന്ദ്ര ഏജൻസികൾക്ക് മുന്നിലേക്കിടുന്നത് ഇടതുസർക്കാരിനെ രാഷ്ട്രീയമായി തിരിഞ്ഞുകൊത്തുമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു.

മറുഭാഗത്ത്, വിവാദങ്ങൾ പ്രതിപക്ഷ നേതാവിന്‍റെ രാഷ്ട്രീയ ഗ്രാഫ് ഉയർത്തുമെന്ന വിലയിരുത്തലുമുണ്ട്. സർക്കാർ വിജ്ഞാപനമിറക്കുകയും സി.ബി.ഐ കേസ് ഏറ്റെടുക്കുകയും ചെയ്യുന്ന പക്ഷം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മോദി സർക്കാറിന്‍റെ അതേ ഫാഷിസ്റ്റ് ശൈലിയാണ് പിണറായിയും പിന്തുടരുന്നത് എന്ന നരേറ്റീവാകും കോൺഗ്രസ് പ്രചാരണായുധമാക്കുക. ഒപ്പം, സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധം എന്നത് കൂടുതൽ ചർച്ചയാക്കാനും ശ്രമിക്കും. ഫലത്തിൽ സി.പി.എമ്മിനാകും കൈ പൊള്ളൽ.

നിയമസഭ മുന്നൊരുക്കങ്ങൾക്ക് അന്തിമരൂപം നൽകാനായി വയനാട്ടിൽ കോൺഗ്രസിന്‍റെ വിശാല നേതൃയോഗം ആരംഭിക്കുന്ന ദിവസമാണ് വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നത്. സുപ്രധാന അജണ്ടകളിൽനിന്ന് മാറി കോൺഗ്രസിലെ ഭിന്നസ്വരങ്ങൾ കത്തിക്കലും ചർച്ച വഴിമാറ്റലുമായിരുന്നു ലക്ഷ്യമെങ്കിലും നേർവിപരീതമാണ് സംഭവിച്ചത്. നേതാക്കൾ ഒറ്റക്കെട്ടായി സതീശന് പിന്നിൽ അണിനിരക്കുന്നതും പിന്തുണക്കുന്നതുമാണ് കണ്ടത്.

കേവലം നിയമലംഘനമോ അഴിമതി അന്വേഷണമോ അല്ല, സ്വർണപ്പാളി മുതൽ തൊണ്ടിമുതൽ മോഷണത്തിൽവരെ മുഖം നഷ്ടപ്പെട്ട സർക്കാറിന്‍റെ ദുർബലമായ രാഷ്ട്രീയ പ്രതിരോധമെന്ന വിലയിരുത്തലിലാണ് നേതൃത്വം. വയനാട്ടിൽ മാധ്യമങ്ങളെ കണ്ട കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളെല്ലാം ഇക്കാര്യം അടിവരയിടുന്നു. ‘താൻ പേടിച്ചുവെന്ന് പറഞ്ഞേക്കൂ’ എന്ന സതീശന്‍റെ മറുപടിയിലാകട്ടെ വിവാദം രാഷ്ട്രീയ നിക്ഷേപമായി മാറുന്നുവെന്ന കൃത്യമായ സൂചനയുമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കാൻ ലോകം മുഴുവൻ കറങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും, പ്രതിപക്ഷ നേതാവിന് മേൽ നിയമലംഘനമാരോപിക്കുന്നത് പരിഹാസമല്ലേയെന്ന ചോദ്യവും ഉയരുന്നുണ്ട്.

Tags:    
News Summary - Congress turns 'hunting' into political investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.