തിരുവനന്തപുരം: ജനദ്രോഹനടപടികൾ നടപ്പാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവൽപ്പക്ഷികളാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച ‘പ്രതിരോധക്കോട്ട’ പാളയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സ്വപ്നസഞ്ചാരികളാണ്. നാലുവർഷം മുമ്പ് രാജ്യത്തെ സാധാരണക്കാർക്ക് നിരവധി സ്വപ്നങ്ങൾ നൽകിയാണ് മോദിയും കൂട്ടരും അധികാരത്തിലെത്തിയത്.
എന്നാൽ, ഇന്ന് കേന്ദ്രഭരണം നാലുവർഷം പിന്നിടുമ്പോൾ ജനങ്ങൾക്ക് മിച്ചമുള്ളതും സ്വപ്നങ്ങളാണ്. സംസ്ഥാനം ഭരിക്കുന്നത് പാവപ്പെട്ടവരുടെ സർക്കാറെന്ന് അവകാശപ്പെടുന്ന കേരളത്തിൽ ദലിതനും കർഷകരും എഴുത്തുകാരും ഒരുപോലെ വേട്ടയാടപ്പെടുകയാണ്. ഇതിനെതിരെ കൈയും കെട്ടി നോക്കിയിരിക്കാൻ ഐക്യജനാധിപത്യ മുന്നണിക്ക് ആവില്ല.
ഇന്നു തിരുവനന്തപുരം മുതൽ കൊല്ലം വരെ ഉയർന്ന ബാനർ നാളെ കാസർകോട് വരെ നീട്ടാനുള്ള ശക്തി കോൺഗ്രസിനുണ്ടെന്ന് പിണറായി വിജയൻ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയനെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുത്തകമുതലാളിമാരുടെ കുഴലൂത്തുകാരായി സി.പി.എമ്മിലെ നേതാക്കളും അവരുടെ മക്കളും മാറി. തൊഴിലാളികളുടെയും പാവപ്പെട്ടവെൻറയും പാർട്ടിയുടെ നേതാക്കളും അവരുടെ മക്കളും കോടികളുടെ ബിസിനസാണ് രാജ്യത്തിന് പുറത്തുനടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ഒരു നാണയത്തിെൻറ ഇരുവശങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളെന്ന് കെ.പി.സി.സി. പ്രസിഡൻറ് എം.എം.ഹസന് പറഞ്ഞു. അഴിമതി വാർത്തകൾ മാധ്യമങ്ങളിൽ വരുന്നതിനെ വിലക്കാനാണ് ഇരുസർക്കാറും ശ്രമിക്കുന്നതെന്നും ഹസൻ ആരോപിച്ചു.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ. മുനീര്‍, ആര്.എസ്.പി നേതാവ് എ.എ. അസീസ്, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, സി.എം.പി.നേതാവ് സി.പി. ജോണ്‍, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് റാം മോഹന്‍, എം.എൽ.എമാരായ കെ. മുരളീധരന് വി.ഡി. സതീശന്, വി.എസ്. ശിവകുമാർ, കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ ബെന്നി ബഹനാന്, തമ്പാനൂര്‍ രവി, പാലോട് രവി, ഷാനിമോള്‍ ഉസ്മാന്, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവർ തലസ്ഥാനത്ത് പ്രതിഷേധയോഗത്തിനും ബാനർ പ്രദർശനത്തിനും നേതൃത്വം നൽകി.
കൊല്ലത്ത് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ് ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്, ജോണി നെല്ലൂര്‍, സി.വി. പത്മരാജന്, പി.വി. മുഹമ്മദ്, വി.ടി. ബൽറാം എം.എല്‍.എ, ബിന്ദുകൃഷ്ണ, കെ.സി. രാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി. തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ 11 കേന്ദ്രങ്ങളില്‍ യു.ഡി.എഫ് പ്രതിഷേധയോഗങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.