തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ കണക്കുകൾ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2016-21 കാലയളവിൽ 5715.92 കോടി രൂപയാണ് ദുരിതാശ്വാസനിധിയിൽ നിന്നും വിനിയോഗിച്ചതെന്നും ഇതിൽ ചികിത്സാ ധനസഹായമായി മാത്രം 918.95 കോടി രൂപ നൽകിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
"അഭയമറ്റവർക്ക് ആശ്വാസമായും തീരാരോഗത്താൽ വലയുന്നവർക്ക് താങ്ങായും ഈ സർക്കാർ എന്നും ഒപ്പമുണ്ട്. ചുവപ്പുനാടകളിൽ കുരുങ്ങി അപേക്ഷകർ മാസങ്ങളോളം കാത്തിരുന്ന പഴയ രീതിക്ക് വിട നൽകിക്കൊണ്ട് 2016 നവംബറിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) പൂർണ്ണമായും ഓൺലൈനാക്കി പരിഷ്കരിച്ചു. അർഹരായവർക്ക് 100 മണിക്കൂറിനുള്ളിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ DBT സംവിധാനം വഴി നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടിലേക്ക് തുക ഇന്ന് എത്തുന്നു.
2016-21 കാലയളവിൽ 5715.92 കോടി രൂപയാണ് ദുരിതാശ്വാസനിധിയിൽ നിന്നും വിനിയോഗിച്ചത്. ഇതിൽ ചികിത്സാ ധനസഹായമായി മാത്രം 918.95 കോടി രൂപ നൽകി. 2021 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ 2569.15 കോടി രൂപ വിവിധ സഹായങ്ങളായി നൽകിയതിൽ 917.13 കോടി രൂപ ചികിത്സാ സഹായമാണ്. 2011-16 കാലയളവിൽ യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് വെറും 808.78 കോടി രൂപ മാത്രമായിരുന്നുവെന്നും, അന്നത്തെ സർക്കാർ സഹായം അനുവദിച്ച് ഉത്തരവായെങ്കിലും തുക നൽകാതിരുന്ന 29,930 അപേക്ഷകളിൽപ്പോലും എൽഡിഎഫ് സർക്കാരാണ് പണം ലഭ്യമാക്കിയതെന്നും നാം തിരിച്ചറിയണം. അപേക്ഷകന് ധനസഹായം ലഭിക്കുന്നതിനായി ദീർഘനാൾ കാത്തിരിക്കേണ്ട സ്ഥിതിയാണ് അന്നുണ്ടായിരുന്നത്.
തികച്ചും സുതാര്യമായ ഈ സംവിധാനത്തിൽ അപേക്ഷയുടെ നിജസ്ഥിതി https://cmo.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷകന് നേരിട്ട് പരിശോധിക്കാവുന്നതാണ്. എച്ച്ഐവി ബാധിതർക്കും ആർസിസിയിൽ ചികിത്സ നടത്തുന്നവർക്കും പ്രത്യേക ഓൺലൈൻ സംവിധാനങ്ങളും രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടുള്ള സഹായവിതരണവും ഉറപ്പാക്കുന്നു. മാരകമായ അസുഖങ്ങൾ ബാധിച്ചവർക്ക് 3 ലക്ഷം രൂപ വരെയും, വാർഷിക വരുമാനം 2 ലക്ഷം വരെയുള്ള കുടുംബങ്ങൾക്കും ഈ ആശ്വാസ പദ്ധതിയുടെ തണൽ ലഭിക്കും. മത്സ്യത്തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും ദുരന്തഘട്ടങ്ങളിൽ നൽകുന്ന വർദ്ധിപ്പിച്ച സഹായധനം ഈ സർക്കാരിന്റെ കരുതലിന് ഉദാഹരണമാണ്."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.