ദി നെതർ എന്ന നാടകത്തിൻ്റെ സംവാദം

സാങ്കേതികതയുടെ മായക്കാഴ്ചകള്‍ക്കിടയിലെ ചതിക്കുഴികള്‍

അന്താരാഷ്ട്ര നാടകോത്സവത്തില്‍ അരങ്ങേറിയ 'ദി നെതര്‍' എന്ന നാടകം കേവലം ഒരു ദൃശ്യാവിഷ്‌കാരമല്ല, അത് വരും കാലത്തെക്കുറിച്ചുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ഒരു മുന്നറിയിപ്പാണ്. ഫാവോസില്‍ നടന്ന മീറ്റ് ദി ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ നാടകത്തിന്റെ പ്രമേയത്തെക്കുറിച്ച് നടന്ന സംവാദം, ആധുനിക മനുഷ്യന്‍ നേരിടുന്ന ധാര്‍മ്മിക പ്രതിസന്ധികളെ കൃത്യമായി വരച്ചുകാട്ടി. ഭാവനയും ഭീതിയും തമ്മിലുള്ള പോരാട്ടമാണ് ദി നെതര്‍ എന്ന് ചര്‍ച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് മോഡറേറ്റര്‍ അമിത് പരമേശ്വരന്‍ നിരീക്ഷിച്ചു.

ഉപരിപ്ലവമായ ലാളിത്യത്തിന് താഴെ മനുഷ്യബുദ്ധിക്ക് അപ്പുറത്തുള്ള ഭീകരത ഒളിഞ്ഞിരിപ്പുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍ ഇടങ്ങളോടുള്ള നമ്മുടെ അമിതമായ വൈകാരിക ആഭിമുഖ്യം, സാമൂഹികവും ധാര്‍മ്മികവുമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നമ്മെ എങ്ങനെ അന്ധനാക്കുന്നു എന്ന ചോദ്യം സദസ്സിനെ ചിന്തിപ്പിച്ചു. സാങ്കേതികവിദ്യ മനുഷ്യന്റെ പെരുമാറ്റത്തെ സ്വാധീനിക്കുകയല്ല, മറിച്ച് മനുഷ്യന്‍ എന്ന സങ്കല്‍പ്പത്തെത്തന്നെ പുനര്‍നിര്‍വചിക്കുകയാണെന്ന് സംവിധായകന്‍ മോഹിത് തകാല്‍ക്കര്‍ പറഞ്ഞു. സാങ്കേതികവിദ്യയുടെ കുതിപ്പിനൊപ്പം സഞ്ചരിക്കുക എന്നത് ഇന്ന് അതീവ ദുഷ്‌കരമാണ്. ഈ നാടകം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ്.

പ്രേക്ഷകനെ വൈകാരികമായി പിടിച്ചുലയ്ക്കുമ്പോള്‍ തന്നെ, ഒരു നിരീക്ഷകന്റെ നിസ്സംഗതയോടെ ഇതെല്ലാം കാണാന്‍ അവരെ പ്രേരിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു. വെര്‍ച്വല്‍ ലോകവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷം വേദിയില്‍ അവതരിപ്പിക്കുക എന്നത് എളുപ്പമായിരുന്നില്ലെന്ന് അഭിനേതാക്കളായ നീല്‍ ഭൂപാലം, വിവേക് മദന്‍, ഋതേഷ റാത്തോഡ് എന്നിവര്‍ പങ്കുവെച്ചു. ശാരീരികമായ സാന്നിധ്യവും ഡിജിറ്റല്‍ വ്യക്തിത്വവും തമ്മിലുള്ള നൂല്‍പ്പാലത്തിലൂടെയുള്ള യാത്രയായിരുന്നു ഈ നാടകം .ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച ദൃശ്യങ്ങള്‍ നാടകത്തിന് ഒരു പുതിയ തലം നല്‍കിയതായി സീനോഗ്രാഫര്‍മാരായ സര്‍ത്തക് നരൂലയും സരസ് കുമാറും വിശദീകരിച്ചു. ആകര്‍ഷകമെന്ന് തോന്നിക്കുന്ന വെര്‍ച്വല്‍ ലോകത്തിന്റെ നൈമിഷികതയും അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും എ.ഐ. ടൂളുകളിലൂടെ അവര്‍ വേദിയില്‍ പുനഃസൃഷ്ടിച്ചു. അനിയന്ത്രിതമായ സ്വകാര്യ ആഗ്രഹങ്ങളും സാങ്കേതികസ്വാതന്ത്ര്യവും കൈകോര്‍ക്കുമ്പോള്‍ അത് ഒരു സമൂഹത്തെ ധാര്‍മ്മിക തകര്‍ച്ചയിലേക്ക് നയിക്കുമെന്ന ഗൗരവമേറിയ ഓര്‍മ്മപ്പെടുത്തലോടെയാണ് സംവാദം അവസാനിച്ചത്.

Tags:    
News Summary - The pitfalls amidst the illusions of technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.