തിരുവനന്തപുരം: വെള്ളാപ്പള്ളിക്കും വി.എസിനും ഒരേ പന്തിയിൽ പത്മപുരസ്കാരം വിളമ്പുന്ന കാഴ്ച്ചപോലെ അശ്ലീലമായി മറ്റൊന്നില്ലെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഡോ.ആസാദ്.
വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരിക്കുമ്പോൾ ഇങ്ങനെ പുരസ്കാരത്തിലിരുത്താൻ ഒരു കേന്ദ്രാധികാരിയും ധൈര്യപ്പെട്ടിട്ടില്ല. വി.എസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഏതൊരു കമ്യൂണിസ്റ്റ് നേതാവിനെയും പോലെ ഈ പുരസ്കാരത്തിന്റെ പ്രേരണകളെ തുറന്നുകാട്ടുമായിരുന്നുവെന്നും ആരൊക്കെയാണ് രണ്ടാം വി.എസിന് ജീവൻ നൽകുന്നതെന്നും ആസാദ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഇ.എം.എസും ബുദ്ധദേവുമൊക്കെ തിരസ്കരിച്ച പുരസ്കാരമാണ്. ഈ പുരസ്കാരം എന്നിൽ നിന്ന് എടുത്തുമാറ്റണേയെന്ന് വി.എസ് ഒച്ചയുയർത്തുന്നതുപോലെ എനിക്കു തോന്നുന്നുവെന്ന് ആസാദ് പറഞ്ഞു.
"വി.എസും, മരിച്ച വിഎസ്സും എന്ന് രണ്ടുപേരുണ്ടാവാമോ? ആദ്യ വിഎസ്സിന്റെ ആദർശവും ഇച്ഛയും നിശ്ചയദാർഢ്യവും രണ്ടാംവിഎസ് ഉരിഞ്ഞെറിയുമോ? ആരാണ് അഥവാ ആരൊക്കെയാണ് രണ്ടാം വിഎസ്സിന് ജീവൻ നൽകുന്നത്?. വി എസ് അച്യുതാനന്ദന് ഹിന്ദുത്വ ഫാഷിസ്റ്റ് നയങ്ങൾ പിന്തുടരുന്ന ബി.ജെ.പി സർക്കാറിന്റെ കാലത്ത് പത്മവിഭൂഷൻ പുരസ്കാരം ലഭിക്കുന്നു. വി എസ് ജീവിച്ചിരിക്കുമ്പോൾ ഇങ്ങനെ പുരസ്കാരത്തിലിരുത്താൻ ഒരു കേന്ദ്രാധികാരിയും ധൈര്യപ്പെട്ടിട്ടില്ല. വി എസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഏതൊരു കമ്യൂണിസ്റ്റ് നേതാവിനെയും പോലെ ഈ പുരസ്കാരത്തിന്റെ പ്രേരണകളെ തുറന്നുകാട്ടുമായിരുന്നു. അവരുടെ കുടിലസൂത്രങ്ങൾക്കെതിരെ ആഞ്ഞടിക്കുമായിരുന്നു.
വി.എസ് ഇപ്പോഴില്ല എന്നതുതന്നെയാണ് അവരുടെ ധൈര്യം. വി.എസ് എന്തായിരുന്നുവോ അതെന്തെന്ന് അറിയാൻ വേണ്ട ബുദ്ധിയോ താൽപ്പര്യമോ ഇല്ലാത്ത കൂട്ടർ ഇതാ വലിയൊരു പുരസ്കാരം വന്നിരിക്കുന്നു എന്നാഘോഷിക്കുന്നു!
ഇ.എം.എസ്സും ബുദ്ധദേവുമൊക്കെ തിരസ്കരിച്ച പുരസ്കാരമാണ്. കമ്യൂണിസ്റ്റ് നേതാവിന്റെ പ്രതിബദ്ധതക്കും സഹന/ സമര ജീവിതത്തിനും മൂല്യമളക്കാൻപോന്ന ഒരു സംവിധാനമാണ് ഇപ്പോഴുള്ളതെന്ന് അവർ കരുതിയില്ല. അഥവാ ആ മാനദണ്ഡങ്ങളിൽ തങ്ങളെത്തന്നെ പാകപ്പെടുത്തി നിർത്താൻ അവർ ഒരുക്കമായിരുന്നില്ല. കമ്യൂണിസ്റ്റുകാരായിരുന്നു എന്നതിലും വലിയ പുരസ്കാരമൊന്നും അവർ ആഗ്രഹിച്ചില്ല.
വെള്ളാപ്പള്ളിക്കും വി എസ്സിനും ഒരേ പന്തിയിൽ പത്മപുരസ്കാരം വിളമ്പുന്ന കാഴ്ച്ചപോലെ അശ്ലീലമായി മറ്റൊന്നില്ല. വി എസ്സിനെ അറിഞ്ഞവർക്കും സ്നേഹിച്ചവർക്കും അത് സന്തോഷം നൽകുമെന്ന് തോന്നുന്നില്ല. ഈ പുരസ്കാരം എന്നിൽ നിന്ന് എടുത്തുമാറ്റണേ എന്ന് വി.എസ് ഒച്ചയുയർത്തുന്നതുപോലെ എനിക്കു തോന്നുന്നു."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.