കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ച് ആക്രമാസക്തം; ലാത്തിച്ചാര്‍ജ്

തൃശൂര്‍: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ആക്രമാസക്തമായി. പൊലീസ് ലാത്തിച്ചാര്‍ജില്‍ അനില്‍ അക്കര എം.എല്‍.എ അടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു. കൈയൊടിഞ്ഞ എം.എല്‍.എയെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.  ഒമ്പത് പൊലീസുകാര്‍ക്കും പരിക്കേറ്റു.ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ശനിയാഴ്ച തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

വെള്ളിയാഴ്ച രാവിലെ മണികണ്ഠനാലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന്‍െറ പ്രധാന കവാടത്തിന് മുന്നില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ് തടഞ്ഞു. ഇത് തള്ളിമാറ്റി പ്രവര്‍ത്തകര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും കല്ളെറിയുകയുമായിരുന്നു. ഏറനേരം പ്രകോപനം തുടര്‍ന്നതോടെ പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജ് ഉണ്ടായതോടെ പ്രവര്‍ത്തകര്‍ നാലുവശത്തേക്കും ചിതറിയോടുകയും പൊലീസിന് നേരെ കല്ളേറ് ശക്തമാവുകയും ചെയ്തു. ഇതിനിടെയാണ് എം.എല്‍.എ അടക്കമുള്ളവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്.കലക്ടറേറ്റ് പരിസരത്ത് സംഘര്‍ഷാസ്ഥ രൂക്ഷമായതോടെ പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മിക്കവരും പിരിഞ്ഞുപോകാതെ പരിസരത്ത് പലയിടങ്ങളിലായി നിലയുറപ്പിച്ച് കല്ളെറിയുകയായിരുന്നു. പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചത്തെിയതോടെ പൊലീസും കലക്ടറേറ്റിന് മുന്നില്‍ ജാഗ്രതയിലായി. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃശൂര്‍ നഗരത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  മാര്‍ച്ച് നടത്തി. സ്വരാജ് റൗണ്ടിലെ ബാരിക്കേഡുകള്‍ ചവിട്ടി വീഴ്ത്തിയും റോഡരികിലെ സി.പി.എം ബോര്‍ഡുകളും കൊടികളും നശിപ്പിച്ചുമാണ് മാര്‍ച്ച് നീങ്ങിയത്. റോഡ് ഉപരോധിക്കുകയും ചെയ്തു.

കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷക്ക് വേണ്ടി വാദിച്ചവര്‍ സ്ത്രീപീഡകരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണത്തിന്‍െറ തണലില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന കുറ്റകരമായ വീഴ്ചയാണ് കാണുന്നതെന്നും നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടികളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരിക്കുന്ന പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനില്‍ സമരം നടത്തുകയും പ്രതികളെ ബലമായി പിടിച്ചിറക്കി കൊണ്ടുപോകുകയും ചെയ്യുകയാണ്. നിയമവാഴ്ച ഉറപ്പു വരുത്തണമെന്നും  ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്‍റ് പി.എ. മാധവന്‍ അധ്യക്ഷത വഹിച്ചു.

ലാത്തിച്ചാര്‍ജ് പ്രതിഷേധാര്‍ഹം -വി.എം. സുധീരന്‍
തിരുവനന്തപുരം: ഡി.സി.സി മാര്‍ച്ചില്‍ പങ്കെടുത്ത അനില്‍ അക്കര എം.എല്‍.എക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ് പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. എം.എല്‍.എ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ മര്‍ദനം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നും  സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. വടക്കാഞ്ചേരി പീഡനവുമായി ബന്ധപ്പെട്ട് നിയമസഭക്കകത്തും പുറത്തും ശക്തമായി പ്രതികരിച്ചതിലെ പ്രതികാരവും വിരോധവുമാണ് അനില്‍ അക്കരക്കുനേരെ പൊലീസ് നടത്തിയ മര്‍ദനം. സര്‍ക്കാറിനെതിരെ പ്രതികരിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും അടിച്ചമര്‍ത്തുന്ന ഭരണകൂട ഫാഷിസമാണ് നടപ്പാക്കുന്നത്. വടക്കാഞ്ചേരി പീഡനക്കേസില്‍ സര്‍ക്കാര്‍ ഇരയോടൊപ്പമല്ളെന്നും വേട്ടക്കാരനൊപ്പമാണെന്നും സുധീരന്‍ ആരോപിച്ചു.


 

Tags:    
News Summary - Congress march turn violance in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.