ജോസ് നെല്ലേടം, എൻ.എം. വിജയൻ
കൽപറ്റ: പാർട്ടി ഗ്രൂപ് പോരിനെ തുടർന്ന് വയനാട്ടിലെ കോൺഗ്രസ് നേതാവും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗവുമായ ജോസ് നെല്ലേടം ജീവനൊടുക്കിയത് സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തെ തുടർന്ന്. പെരിക്കല്ലൂരിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചെന്ന ആരോപണങ്ങളെ തുടർന്ന് ജോസ് ഉൾപ്പെടെയുള്ള ചില നേതാക്കൾക്കെതിരെ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. ജോസിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണത്തിലാണ് മുള്ളൻകൊല്ലി പൊലീസ്.
വെള്ളിയാഴ്ച രാവിലെയാണ് ജോസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ജോസ് തയാറാക്കിയ വിഡിയോയിൽ താൻ നിരപരാധിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. അതേസമയം, പരസ്യ പ്രതികരണത്തിന് ഇല്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങൾ നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോസിന്റെ കുടുംബം പറഞ്ഞു.
വീടിന്റെ കാർപോർച്ചിൽ മദ്യവും തോട്ടയും പിടിച്ച സംഭവത്തിലാണ് വീട്ടുടമസ്ഥനായ തങ്കച്ചനെ പൊലീസ് അറസ്റ്റുചെയ്യുന്നതും ജയിലിൽ അടച്ചതും. മദ്യവും സ്ഫോടകവസ്തുവും കൊണ്ടുവെച്ച സംഭവത്തിലെ മുഖ്യപ്രതിയെ ഉടൻ പിടികൂടുമെന്ന് സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ. അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പറഞ്ഞു.
അതേസമയം, കഴിഞ്ഞ ഡിസംബറിൽ നേതാക്കളുടെ പേരുകൾ എഴുതിവെച്ച് ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കുടുംബം കോൺഗ്രസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തി. വിജയന്റെ കടബാധ്യത തീർക്കാമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മതിക്കുന്ന ഫോൺ സംഭാഷണവും കുടുംബം പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച വിജയന്റെ മരുമകൾ പത്മജയെയും ജോസ് നെല്ലേടത്തിന്റെ കുടുംബത്തെയും സി.പി.എം നേതാവ് എം.വി. ജയരാജൻ തിങ്കളാഴ്ച സന്ദർശിച്ചു. വയനാട്ടിൽ കോൺഗ്രസ് കൊലയാളി പാർട്ടിയായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ, കേരളത്തിൽ നിരവധി കൊലപാതകങ്ങൾ നടത്തിയ സി.പി.എമ്മും ബി.ജെ.പിയും തങ്ങൾക്കെതിരെ കുപ്രചാരണം നടത്തുകയാണെന്നും ഇത് വിലപ്പോവില്ലെന്നും കോൺഗ്രസ് ജില്ല കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.