കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച, രണ്ട് കോടി വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ച രണ്ടു കോടി രൂപ മൂല്യമുള്ള സ്വർണാഭരണങ്ങൾ നഷ്ടമായി. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട പൊലീസിൽ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാലകൾ, പാദസരങ്ങൾ, കമ്മലുകൾ ഉൾപ്പെടെയാണ് കാണാതായത്. രത്നക്കല്ലുൾപ്പെടെയുള്ള ആഭരണങ്ങൾ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. പത്നാഭ സ്വാമിയുടെ ചിത്രംകൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്. 2025 നവംബറിൽ ബംഗളൂരുവിൽ പോകുന്നതിനു മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി കണ്ടത്.

ഇതിനു 10 ദിവസം മുമ്പ് ആഭരണം പുറത്തെടുത്ത് അടുക്കി വെച്ചിരുന്നു. കൊട്ടാരത്തിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല. നാലുമാസം പൊലീസ് രഹസ്യമായ അന്വേഷിച്ചിട്ടും വസ്തുക്കൾ കണ്ടെത്താനായില്ലെന്നാണ് വിവരം. കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകും മോഷണത്തിനു പിന്നിലെന്നാണ് നിഗമനം. പൊലീസിനു നൽകിയ പരാതിയിൽ മോഷണം പോയ ആഭരണങ്ങളുടെ വിശദ വിവരങ്ങളും നൽകിയിട്ടുണ്ട്.

മൂന്ന് പവൻ തൂക്കം വരുന്ന പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വർണപാദസരം, രണ്ടു പവൻ തൂക്കമുള്ള കറുത്ത മുത്തും സ്വർണമുത്തും ഇടകലർന്ന പാദസരം, നാലു പവൻ തൂക്കം വരുന്ന വീതിയുള്ള രണ്ടു വളകൾ, മൂന്നു പവൻ തൂക്കമുള്ള രണ്ട് പിരിവള, രണ്ടര പവൻ തൂക്കം വരുന്ന പിരിമാല, അഞ്ചു പവനോളം തൂക്കം വരുന്ന കുഴിമിന്നുമാല, രത്നക്കല്ലുകൾ പതിച്ച ആറു പവൻ തൂക്കമുള്ള രണ്ടു ഒഴുക്കൻ വള, പദ്മനാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു പവനോളം തൂക്കമുള്ള പതക്കമടങ്ങിയ മാല, കല്ല് പതിപ്പിച്ച രണ്ട് കമ്മലുകൾ, ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച മാലയും പതക്കവും, രണ്ടു പവൻ തൂക്കമുള്ള മാട്ടി, ഒരു പവൻ വീതം തൂക്കമുള്ള അഞ്ചു സ്വർണ നാണയങ്ങൾ എന്നിവയാണ് മോഷണം പോയത്. 

Tags:    
News Summary - Massive robbery at Kawadiyar Palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.